മലയാളിയുടെ പൊന്നോണം പാളങ്ങളില്‍ തട്ടി തകരുമോ?

കൊച്ചി| WEBDUNIA|
PRO
PRO
എല്ലാ തിരക്കുകളും മറന്ന് ഓര്‍മ്മകള്‍ പൂത്തുനില്‍ക്കുന്ന നാട്ടുവഴികളില്‍ പൊന്നിന്‍ തിരുവോണം കൊണ്ടാടാന്‍ ഒരു യാത്ര. ഏതൊരു മറുനാടന്‍ മലയാളിയും കൊതിക്കുന്ന യാത്രയാണത്. എന്നാല്‍ ഇക്കുറി ഓണം ആഘോഷിക്കാന്‍ ട്രെയിന്‍ മാര്‍ഗം പുറപ്പെടാനിരുന്നവരെ റെയില്‍‌വേ അക്ഷരാര്‍ത്ഥത്തില്‍ ചതിച്ചിരിക്കുകയാണ്.

കേരളത്തിലേക്കുള്ള എല്ലാ ട്രെയിനുകളിലും റിസര്‍വേഷന്‍ വളരെ മുമ്പെ തന്നെ തീര്‍ന്നു. വെയ്റ്റിംഗ് ലിസ്റ്റ് റെയില്‍ പാളങ്ങള്‍ പോലെ അനന്തമായി നീളുകയാണ്. അതും പോരാഞ്ഞ് സെപ്റ്റംബര്‍ എട്ടിന്, അതായത് ഉത്രാടദിനത്തില്‍ റയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ ദേശവ്യാപകമായി ട്രെയിന്‍ പിടിച്ചിടല്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ എല്ലാ ട്രെയിനുകളും അന്ന് അനിശ്ചിതമായി വൈകും. ഓണമുണ്ണാന്‍ എട്ടിന് പുറപ്പെടുന്ന യാത്രക്കാര്‍ കുടുങ്ങിയത് തന്നെ. 1997-ല്‍ ഇത്തരം ഒരു സമരം നടന്നപ്പോള്‍ ട്രെയിനുകള്‍ ഒരു ദിവസം വൈകിയാണ് ലക്ഷ്യത്തില്‍ എത്തിയതെന്ന് ഓര്‍ക്കുക.

റിസര്‍വേഷന്‍ ലഭ്യമാകാതെ വലയുന്ന മലയാളുകളുടെ വികാരം മനസ്സിലാക്കാന്‍ റെയില്‍‌വേ തയ്യാറാകുന്നില്ലെന്നാണ് പ്രധാനമായും ഉയരുന്ന പരാതി. മുംബൈ, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ നിന്ന് ചില സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യാത്രാദുരിതത്തിന് പരിഹാരം കാണാന്‍ അതൊന്നും മതിയാവില്ലെന്ന് വ്യക്തമായിരിക്കുകയാണ്. ബാംഗ്ലൂര്‍ മലയാളികളുടെ കാര്യമാണ് അതിലും ദയനീയം. ഇതുവരെ ഒരു സ്പെഷ്യല്‍ ട്രെയിന്‍ പോലും അവിടെയുള്ളവര്‍ക്കായി റെയില്‍‌വേ ലഭ്യമാക്കിയിട്ടില്ല.

സെപ്തംബര്‍ ആദ്യ ആഴ്ച മുതല്‍ തന്നെ ടിക്കറ്റുകള്‍ ലഭ്യമല്ല. ഓണം കഴിഞ്ഞുള്ള മടക്കയാത്രയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ചുരുക്കത്തില്‍, മലയാളിയുടെ ഓണാഘോഷം റെവില്‍‌വേയുടെ കനിവിനെ ആശ്രയിച്ചിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :