കോഴിക്കോട് ഇരട്ട സ്ഫോടനം: നസീറിനും ഷഫാസിനും ജീവപര്യന്തം

കൊച്ചി| WEBDUNIA|
കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ തടിയന്റവിട നസീറിനെയും ഷഫാസിനെയും ജീവപര്യന്തം കഠിനതടവിന് പ്രത്യേക എന്‍ഐഎ കോടതി ശിക്ഷിച്ചു. ഒന്നാം പ്രതി നസീറിന് മൂന്ന് ജീവപര്യന്തവും നാലാം പ്രതി ഷഫാസിന് ഇരട്ട ജീവപര്യന്തവുമാണ് കോടതി വിധിച്ചത്. ഇതിന് പുറമെ അഞ്ച് വര്‍ഷം അധിക തടവും വിധിച്ചിട്ടുണ്ട്. പ്രതികള്‍ ഓരോ ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലിലായിരിക്കും ഇവരെ പാര്‍പ്പിക്കുക.

പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി എസ് വിജയകുമാര്‍ ആണ് ശിക്ഷ വിധിച്ചത്. കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് കേസ് അന്വേഷിച്ച എന്‍ ഐ എ കോടതിയില്‍ വാദിച്ചു. സമാധാനപരമായ ജീവിതം തകര്‍ക്കാന്‍ ശ്രമിച്ച ഇവര്‍ക്ക് ഒരുതരത്തിലും ശിക്ഷ ലഘൂകരിച്ച് നല്‍കരുതെന്നും എന്‍ ഐ എ ചൂണ്ടിക്കാട്ടി.

നസീറും ഷഫാസും കുറ്റക്കാരാണെന്ന് കോടതി വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. കേസില്‍ മാപ്പുസാക്ഷിയായ ഷമ്മി ഫിറോസിന്റെയും മറ്റ് സാക്ഷികളുടെയും മൊഴികള്‍ വിലയിരുത്തിയാണ് ശിക്ഷ വിധിച്ചത്. മൂന്നാം പ്രതി അബ്ദുള്‍ ഹാലിമിനെയും എട്ടാം പ്രതി ചെട്ടിപ്പടി യൂസഫിനെയും കോടതി വെറുതെ വിട്ടിരുന്നു. അബ്ദുള്‍ ഹാലിമിനെ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോടതി വിട്ടയച്ചത്. എന്നാല്‍ യൂസഫിനെതിരെ തെളിവുകളൊന്നും ലഭിച്ചില്ല. കോഴിക്കോട് ഇരട്ട സ്‌ഫോടനം തീവ്രവാദി ആക്രമണമായി കോടതി കണ്ടെത്തുകയും ചെയ്തു.

ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ) ഏറ്റെടുത്ത് അന്വേഷണം നടത്തുന്ന രാജ്യത്തെ വിവിധ തീവ്രവാദക്കേസുകളില്‍ വിധി വരുന്ന ആദ്യ കേസാണ് ഇത്. 2006 മാര്‍ച്ച് മൂന്നിനാണ് സംസ്ഥാനത്തെ നടുക്കിയ കോഴിക്കോട് ഇരട്ട സ്ഫോടനം ഉണ്ടായത്. കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ്റ്റാന്റ്, പ്രൈവറ്റ് ബസ്സ്റ്റാന്റ് എന്നിവിടങ്ങളിലാണ് സ്ഫോടനം ഉണ്ടായത്. പതിനഞ്ച് മിനിറ്റിന്റെ ഇടവേളയില്‍ ആയിരുന്നു ഇവ രണ്ടും. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. കേസ് ആദ്യം അന്വേഷിച്ചത് ക്രൈംബ്രാഞ്ച് ആയിരുന്നു. തുടര്‍ന്നാണ് എന്‍ ഐ എ കേസ് ഏറ്റെടുക്കുന്നത്.

കേസില്‍ രണ്ട് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. വിദേശത്തുള്ള ഇവരെ പിടികൂടാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മറ്റൊരു പ്രതിയായ ഷമ്മി ഫിറോസാണ് മാപ്പുസാക്ഷിയായത്. ഒരു പ്രതി മരിച്ചുപോവുകയും ചെയ്തു.

ഒന്നാം മാറാട് കലാപവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇരട്ടസ്ഫോടനങ്ങളിലേക്ക് നയിച്ചത് എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മാറാട് കേസിലെ മുസ്ലീങ്ങളായ പ്രതികള്‍ക്ക് ജാമ്യം കിട്ടാതെ വന്നപ്പോഴായിരുന്നു സ്‌ഫോടനം ആസൂത്രണം ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :