ബാംഗ്ലൂര്‍ സ്‌ഫോടനം: വിചാരണ സപ്തംബര്‍ അഞ്ച് മുതല്‍

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി പ്രതിചേര്‍ക്കപ്പെട്ട ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിന്റെ തുടര്‍വിചാരണ സപ്തംബര്‍ അഞ്ചിന് ആരംഭിക്കും. മദനി ഉള്‍പ്പെടെയുള്ള 15 പ്രതികളെ ഇതാദ്യമായി വിചാരണ നടക്കുന്ന പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയില്‍ വെള്ളിയാഴ്ച ഹാജരാക്കി.

ഏപ്രില്‍ ഏഴിനാണ് കേസിലെ വിചാരണയ്ക്ക് തുടക്കമായത്. എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രതികള്‍ വിചാരണയില്‍ പങ്കെടുത്തിരുന്നത്. മദനിക്ക് വേണ്ടി കര്‍ണാടക ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ വസന്ത് എച്ച് വൈദ്യ, തിലകരാജ് എന്നിവരാണ് വെള്ളിയാഴ്ച ഹാജരായത്. കേസിലെ മുപ്പത്തിയൊന്നാം പ്രതിയായ മദനിയെ ഒരുവര്‍ഷം മുമ്പാണ് കൊല്ലം അന്‍‌വാര്‍ശേരിയില്‍ നിന്ന് ബാംഗ്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസിലെ ഒന്നാംപ്രതി തടിയന്റവിട നസീര്‍, പത്തൊമ്പതാം പ്രതി ഷഫാസ് എന്നിവര്‍ കോഴിക്കോട് ഇരട്ടസ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ ജയിലില്‍ കഴിയുകയാണ്. ഇവര്‍ വിചാരണയ്ക്ക് എത്തിയിരുന്നില്ല. മറ്റു രണ്ട് പ്രതികളായ സൈനുദ്ദീന്‍, മകന്‍ ഷറഫുദ്ദീന്‍ എന്നിവര്‍ ഗുജറാത്ത് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അഹമ്മദാബാദ് ജയിലിലാണുള്ളത്. ഇവര്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ്ഹാജരാക്കിയത്.

2008 ജൂലായ് 25-നാണ് ബാംഗ്ലൂരിനെ നടുക്കിയ സ്‌ഫോടനങ്ങളുണ്ടായത്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്ന് വിദേശികള്‍ ഉള്‍പ്പെടെ ഒമ്പത് പ്രതികളെ ഇനിയും പിടികൂടാനുണ്ട്. നാലുപേര്‍ കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :