കലോല്‍സവത്തിലും കൈക്കൂലി: വിധികര്‍ത്താവ് അറസ്റ്റില്‍

യുവജനോത്സവത്തില്‍ സമ്മാനത്തിനു കൈക്കൂലി ചോദിച്ച വിധികര്‍ത്താവ് അറസ്റ്റില്‍

എറണാകുളം| Last Modified വ്യാഴം, 5 ജനുവരി 2017 (15:10 IST)
സ്കൂള്‍ കലോല്‍സവത്തോട് അനുബന്ധിച്ച് എറണാകുളം ജില്ലയിലെ പറവൂരില്‍ നടക്കുന്ന യുവജനോത്സവത്തില്‍ സമ്മാനത്തിനു 50000 രൂപ വീതം കൈക്കൂലി ചോദിച്ച വിധികര്‍ത്താവിനെ അധികാരികള്‍ പിടികൂടി. കണ്ണൂര്‍ സ്വദേശിയായ ജയരാജ് വി.നായരാണ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്തത്തിലുള്ള സംഘത്തിന്‍റെ പിടിയിലായത്.

നൃത്തമത്സരത്തിലെ വിധികര്‍ത്താവായാണ് ജയരാജ് വി.നായര്‍ എത്തിയത്. ജയരാജ് പിടിയിലായതിനെ തുടര്‍ന്ന് ജയരാജിനൊപ്പം ഉണ്ടായിരുന്ന മറ്റു മൂന്നു വിധികര്‍ത്താക്കളെയും ഒഴിവാക്കി. ഡി.ഡി.സി.എ സന്തോഷിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അന്വേഷിച്ച് ജയരാജിനെ പിടിച്ചത്.

ഇത്തവണ താന്‍ എട്ടു മത്സരങ്ങളില്‍ വിധികര്‍ത്താവ് ആയേക്കുമെന്നും ഓരോ മത്സരത്തിനും 50000 രൂപാ വീതം നാലു ലക്ഷം രൂപ ആലുവ റയില്‍വേ സ്റ്റേഷനില്‍ എത്തിച്ചാല്‍ ഫലം അനുകൂലമാക്കിത്തരാമെന്നും ജയരാജ് ഫോണിലൂടെ അറിയിച്ചിരുന്നു. സംഭവം പൊതുവിദ്യാഭ്യാസ വകുപ്പിനു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിജിലന്‍സിനു പരാതി നല്‍കാനാണു നീക്കം എന്നും റിപ്പോര്‍ട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :