കസബിനെ തൂക്കിലേറ്റില്ല, എങ്കില്‍ ?

ജോയ്സ് ജോയ്

ചെന്നൈ| WEBDUNIA|
PRO
മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ അമീര്‍ കസബിന് മുംബൈയിലെ പ്രത്യേക കോടതി വിധിച്ചപ്പോള്‍ മനസില്‍ ഇരച്ചെത്തിയത് അഫ്സല്‍ ഗുരുവും കാണ്ഡഹാറും. കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ സംഭവത്തിലുടെ ഇന്ത്യക്ക് കൈവന്ന നഷ്ടം പോലെയാകുമോ അജ്മല്‍ അമീര്‍ കസബെന്ന ലഷ്കര്‍ ഭീകരനെന്ന് പേടിയോടെയാണെങ്കിലും നാം സംശയിക്കേണ്ടിയിരിക്കുന്നു. അജ്മല്‍ അമീര്‍ കസബിന് നിലവില്‍ വധശിക്ഷ വിധിച്ചിരിക്കുന്നത് മുംബൈ ഭീകരാക്രമണ കേസ് കൈകാര്യം ചെയ്ത പ്രത്യേക കോടതിയാണ്. ഇന്ത്യന്‍ ക്രിമിനല്‍ ചട്ടം 366 പ്രകാരം പ്രതിക്ക് ഇനി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോകാവുന്നതാണ്. അതായത്, ഇപ്പറഞ്ഞ രണ്ട് മേല്‍ക്കോടതികളിലും കസബിന് അപ്പീല്‍ നല്‍കാവുന്നതാണ്.

കസബ് അപ്പീല്‍ നല്കിയാലും വധശിക്ഷയ്ക്ക് മാറ്റമൊന്നും വരില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. പരമോന്നത നീതിപീഠം വധശിക്ഷ ശരിവെച്ചാ‍ലും കസബിന് രാഷ്ട്രപതിയുടെ മുമ്പാകെ ദയാഹര്‍ജി നല്കാവുന്നതാണ്. ഇപ്പോള്‍ തന്നെ 29 ദയാഹര്‍ജികളാണ് രാഷ്ട്രപതിക്ക് മുമ്പിലുള്ളത്. ഈ നിയമനടപടികള്‍ക്ക് ഇനിയും നമ്മുടെ നിയമവ്യവസ്ഥയനുസരിച്ച് കൂടുതല്‍ സമയം എടുക്കേണ്ടി വരും. അതിനാല്‍ തന്നെ ഇത്തരം കാലതാമസങ്ങള്‍ക്ക് കാത്തുനിന്നാല്‍ അത് കൂടുതല്‍ അപകടകരമാകുമെന്നാണ് സുരക്ഷാ ഏജന്‍സികള്‍ സര്‍ക്കാരിന് നല്കുന്ന മുന്നറിയിപ്പ്. അതുകൊണ്ടാണ് അഫ്സല്‍ ഗുരുവിനെയും കസബിനെയും എത്രയും പെട്ടെന്ന് തൂക്കിലേറ്റണമെന്ന് പ്രതിപക്ഷമായ ബി ജെ പി ആവശ്യപ്പെടുന്നതും. കാണ്ഡഹാറില്‍ ബി ജെ പിക്ക് സംഭവിച്ചത് ഇനി ആവര്‍ത്തിക്കരുതെന്നുള്ള ആഗ്രഹവുമുണ്ടാകാം ഇതിനു പിന്നില്‍.

കാണ്ഡഹാര്‍ വിമാന റാഞ്ചലിലൂടെ 1999ലെ തണുത്ത ഡിസംബറില്‍ ഇന്ത്യയുടെ കൈയില്‍ നിന്ന് ഊര്‍ന്നുപോയത് പാകിസ്ഥാനി മുജാഹിദീനും ജയ്ഷ്-ഇ-മൊഹമ്മദ് സ്ഥാപകനുമായ മൗലാന മഹ്സൂദ് അസ്ഹറെന്ന കൊടും ഭീകരവാദിയായിരുന്നു. ഇന്ത്യയെയും അമേരിക്കയെയും നശിപ്പിക്കാതെ മുസ്ലീം സമൂഹത്തിന് ശാശ്വത സമാധാനം ലഭിക്കില്ലെന്ന് പ്രഖ്യാപിച്ച ഭീകരവാദി. 1994ല്‍ ആയിരുന്നു മൌലാന മഹ്സൂദ് അസ്ഹറിനെ ഇന്ത്യ അറസ്റ്റു ചെയ്തത്. ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് മഹ്സൂദ് അസ്ഹറിനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. കൈയില്‍ കിട്ടിയിട്ടും കൈവിട്ടു പോയ തീവ്രവാദിയാണ് അസ്ഹര്‍. 1999 ഡിസംബറില്‍ കാണ്ഡഹാര്‍ വിമാനം റാഞ്ചിയ ഭീകരവാദികള്‍ ആവശ്യപ്പെട്ടത് മഹ്സൂദ് അസ്ഹറിന്‍റെയും നാലു ഭീകരവാദികളുടെയും മോചനമായിരുന്നു. നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന വിമാനമായിരുന്നു ഭീകരവാദികള്‍ റാഞ്ചിയത്. 176 യാത്രക്കാരുടെ ജീവനു വിലയായി നാല് കൊടുംഭീകരരെ ആയിരുന്നു ഇന്ത്യക്ക് വിട്ടു കൊടുക്കേണ്ടി വന്നത്.

1999ല്‍ ഇന്ത്യയുടെ കൈയില്‍ നിന്ന് ‘കൂളാ’യി രക്ഷപ്പെട്ട ഈ ഭീകരവാദിയായിരുന്നു 2001ലെ ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമണത്തിന് പിന്നിലും. 2008ലെ മുംബൈ ഭീകരാക്രമണ കേസിലും ഇയാള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ വിശ്വസിക്കുന്നു. അസ്ഹറിനൊപ്പം അന്ന് മോചിതരായ അഹ് മദ് ഒമര്‍ സയീദ് ഷെയ്ഖ്, ഡാനിയേല്‍ പേള്‍ വധക്കേസിലെയും സെപ്റ്റംബര്‍ 11ലെ യു എസ് ആക്രമണ കേസിലെയും പ്രധാനപ്രതികളാണ്. കാണ്ഡഹാര്‍ വിമാന റാഞ്ചലിന്‍റെ ചുവടു പിടിച്ച് അന്ന് ഇന്ത്യയെ മുഴുവന്‍ വെല്ലുവിളിച്ച് പാക്കിസ്ഥാനിലേക്കു രക്ഷപ്പെട്ട മഹ്സൂദ് അസ്ഹര്‍ തുടര്‍ന്ന് അവിടം കേന്ദ്രമാക്കി ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :