26/11: ഗിലാനിയെ സിംഗ് അതൃപ്തി അറിയിച്ചേക്കും

തിംഫു| WEBDUNIA|
PTI
ബുധനാഴ്ച തിംഫുവില്‍ തുടങ്ങുന്ന സാര്‍ക്ക് ഉച്ചകോടിയ്ക്കിടയില്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് റാസ ഗീലാനിയുമായി സംഭാഷണം നടത്തിയേക്കും. ഗീലാലിയുമായുള്ള കൂടിക്കാഴ്ചയില്‍, മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പാകിസ്ഥാന്‍ നടപടിയെടുക്കാത്തതില്‍ സിംഗ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമെന്നാണ് സൂചന.

ബുധനാഴ്ച ഉച്ചയ്ക്ക് 2:30 ന് ആണ് സാര്‍ക്ക് ഉച്ചകോടി ആരംഭിക്കുക. സിംഗ് ഉച്ചകോടി ആരംഭിക്കുന്നതിനു വളരെ നേരത്തെ എത്തിച്ചേര്‍ന്നാല്‍ മാത്രമേ കൂടിക്കാഴ്ചയ്ക്ക് സാധ്യതയുള്ളൂ എന്ന് നിരീക്ഷകര്‍ പറയുന്നു. ഇരുവരും കൂടിക്കാഴ്ച നടത്തിയാല്‍, പാകിസ്ഥാന്‍ 26/11 ആക്രമണത്തില്‍ നടപടി സ്വീകരിക്കാന്‍ വിസമ്മതം കാട്ടുന്നതിലും ഭീകരതയ്ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാത്തതിലും ഉള്ള അതൃപ്തി സിംഗ് രേഖപ്പെടുത്തുമെന്നാണ് സൂചന.

ഫെബ്രുവരി 25 ന് നടന്ന വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ ഇന്ത്യ കൈമാറിയ രേഖകളില്‍ പുതുതായി ഒന്നുമില്ല എന്ന പാകിസ്ഥാന്റെ വാദം ഇന്ത്യയെ ചൊടിപ്പിച്ചിട്ടുണ്ട്. ഗീലാനിയുമായുള്ള കൂടിക്കാഴ്ചയില്‍ 26/11 ആക്രമണ കേസില്‍ പാകിസ്ഥാന്റെ അന്വേഷണ പുരോഗതിയെ കുറിച്ചും സിംഗ് അന്വേഷിച്ചേക്കും.

പതിനാ‍റാമത് സാര്‍ക്ക് ഉച്ചകോടിയാണ് ബുധനാഴ്ച ഭൂട്ടാനിലെ തിംഫുവില്‍ ആരംഭിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :