‘കുറ്റസമ്മതത്തിന് 17 ഇന്ത്യന്‍ തടവുകാരെ പീഡിപ്പിച്ചു’

ലണ്ടന്‍| WEBDUNIA|
PRO
ഒരു പാകിസ്ഥാന്‍ വംശജനെ കൊലപ്പെടുത്തിയ കുറ്റത്തിന് യുഎ‌യില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 17 ഇന്ത്യക്കാരെ അധികൃതര്‍ പീഡിപ്പിച്ചാണ് കുറ്റസമ്മതം നടത്തിച്ചതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍.

കുറ്റാരോപിതരായ ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത ശേഷം ഒരു മാസം കഴിഞ്ഞ് ഷാര്‍ജയില്‍ കൊലപാതകം നടന്നയിടത്ത് എത്തിച്ചു എന്നും ഒരു പൊലീസുകാരന്‍ മരിച്ച ആളായി അഭിനയിച്ച് ഷൂട്ട് ചെയ്ത കൊലപാതക രംഗമാണ് തെളിവായി സമര്‍പ്പിച്ചിരിക്കുന്നത് എന്നും ആംനസ്റ്റി കുറ്റപ്പെടുത്തുന്നു.

അറസ്റ്റ് ചെയ്ത 17 ഇന്ത്യക്കാരെയും മര്‍ദ്ദിക്കുകയും ഇലക്ട്രിക്ക് ഷോക്ക് നല്‍കുകയും ഒറ്റക്കാലില്‍ നിര്‍ത്തുകയും ചെയ്യുകയും ഉറങ്ങാന്‍ അനുവദിക്കാതിരിക്കുയും ചെയ്താണ് കുറ്റസമ്മതം നടത്തിച്ചതെന്ന് ലോയേഴ്സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഇന്റര്‍നാഷണല്‍ എന്ന സംഘടന നല്‍കിയ തെളിവുകള്‍ ഉദ്ധരിച്ച് ആംനസ്റ്റി പറയുന്നു.

ഒരു വ്യാ‍ജ വീഡിയോയെ അടിസ്ഥാനമാക്കി മര്‍ദ്ദന മുറകളിലൂടെ 17 ഇന്ത്യക്കാരെക്കൊണ്ടും കുറ്റസമ്മതം നടത്തുകയും അവര്‍ക്ക് വിധിക്കുകയും ചെയ്ത നടപടി അപലപനീയമാണെന്ന് ആംനസ്റ്റിയുടെ മധ്യപൂര്‍വേഷ്യന്‍ പ്രതിനിധി ഹസിബ ഹദ്ജ് പറഞ്ഞു. പീഡനത്തെ കുറിച്ച് യുഎ‌ഇ അധികൃതര്‍ അന്വേഷണം നടത്തണമെന്നും കുറ്റാരോപിതര്‍ക്ക് അപ്പീലില്‍ നീതി ഉറപ്പാക്കണം എന്നും ആംനസ്റ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

അനധികൃത മദ്യ വ്യാപാരവുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് പാകിസ്ഥാന്‍ വംശജന്‍ കൊല്ലപ്പെട്ടത്. അമ്പതോളം ആളുകള്‍ ഉള്‍പ്പെട്ട വഴക്കിനിടയില്‍ നിരവധി കുത്തുകളേറ്റാണ് പാകിസ്ഥാനി കൊല്ലപ്പെട്ടത്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :