ഇന്ത്യന്‍ തെളിവുകള്‍ക്ക് പാകിന്റെ മറുപടി

ഇസ്ലാമബാദ്| WEBDUNIA|
മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ കൈമാറിയ തെളിവുകളോട് പാകിസ്ഥാന്‍ ഞായറാഴ്ച പ്രതികരിച്ചു. ഫെബ്രുവരിയില്‍ കൈമാറിയ മൂന്ന് രേഖകളോടാണ് പ്രതികരണം നടത്തിയിരിക്കുന്നത്.

ഇന്ത്യ ജീവനോടെ പിടികൂടിയ ഏക ഭീകരന്‍ അജ്മല്‍ അമിര്‍ കസബിനെ വിട്ടു നല്‍കണമെന്ന് പാകിസ്ഥാന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഫെബ്രുവരി 25 ന് നടന്ന വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയിലാണ് ഇന്ത്യ രേഖകള്‍ കൈമാറിയത്. ഇതിനു നല്‍കിയ മറുപടിയിലാണ് കസബിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടത്.

പാകിസ്ഥാനില്‍ അറസ്റ്റിലായ സക്കിയുര്‍ റഹ്മാന്‍ ലഖ്‌വി ഉള്‍പ്പെടെയുള്ള ഏഴ് ലഷ്കര്‍ ഭീകരരുടെ വിചാരണ മുന്നോട്ട് കൊണ്ടുപോകാന്‍ കസബിനെ വിട്ടുകിട്ടണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. കസബിനെ കൂടാതെ ഫാഹിം അന്‍സാരിയെയും ചോദ്യം ചെയ്യാനായി വിട്ടു നല്‍കണം എന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന.

ഞായറാഴ്ച രാവിലെ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ രാഹുല്‍ കുലശ്രേഷ്ഠിനാണ് മറുപടി കൈമാറിയത്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇതെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കസബിനും ഫാഹിമിനും എതിരെ പാകിസ്ഥാനിനെ ഭീകര വിരുദ്ധ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

മുംബൈയിലെ പ്രത്യേക കോടതി കസബിന്റെ വിചാരണ മാര്‍ച്ച് 31 ന് ആണ് പൂര്‍ത്തിയാക്കിയത്. മുംബൈ ഭീകരാക്രമണ കേസില്‍ മെയ് മൂന്നിന് വിധി പറയുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :