വിവാദ പരാമര്‍ശം: കാംബ്ലി മാപ്പ് പറഞ്ഞു

മുംബൈ| WEBDUNIA|
ബാല്യകാല സുഹൃത്തായ സച്ചിന്‍ ടെന്‍ഡുല്‍ക്കറെക്കുറിച്ച് താന്‍ പറഞ്ഞതായി വന്ന പരാമര്‍ശങ്ങളുടെ പേരില്‍ മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി സച്ചിനോട് മാപ്പ് പറഞ്ഞു. ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കവെ തന്‍റെ മോശം സമയത്ത് സച്ചിന്‍ സഹായിച്ചില്ലെന്ന വിവാദ പരാമര്‍ശം കാംബ്ലി നടത്തിയതായാണ് ആരോപണം.

ഈ വാര്‍ത്ത കേട്ട് തന്‍റെ കുടുംബം പോലും ഞെട്ടിയെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭുമുഖത്തില്‍ കാംബ്ലി പറഞ്ഞു. എനിക്കൊരിക്കലും സച്ചിനെക്കുറിച്ച് അങ്ങിനെയൊന്നും പറയാനാവില്ല. എന്‍റെ വളരെ അടുത്ത സുഹൃത്തായ സച്ചിന്‍ ഒരിക്കലും ഞാന്‍ ഇത്തരം കാര്യങ്ങള്‍ പറയുമെന്ന് വിശ്വസിക്കില്ല. ഷോ പൂര്‍ണമായും കണ്ടാല്‍ ഞാന്‍ എന്താണ് പറഞ്ഞതെന്ന് പ്രേക്ഷകര്‍ക്ക് മനസിലാവും. 26 വര്‍ഷമായി സച്ചിന്‍ എന്‍റെ സുഹൃത്താണ്. ഇപ്പോള്‍ ലണ്ടനിലുള്ള സച്ചിന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയാലുടന്‍ അദ്ദേഹത്തെ കണ്ട് തെറ്റിദ്ധാരണകള്‍ മാറ്റുമെന്നും കാംബ്ലി പറഞ്ഞു.

ബി സി സി ഐയ്ക്കെതിരെ താന്‍ നടത്തിയതായി പറയുന്ന പരാമര്‍ശങ്ങളും അടിസ്ഥാനരഹിതമാണെന്ന് കാംബ്ലി പറഞ്ഞു. ഇന്ത്യക്കായി 18 വര്‍ഷം കളിച്ച തനിക്ക് ബി സി സി ഐയ്ക്കെതിരായ ഒരു നിലപാട് സ്വീകരിക്കുന്നതിനെക്കുറിച്ച് സ്വപ്നത്തില്‍പ്പോലും ചിന്തിക്കാനാവില്ലെന്നും കാംബ്ലി പറഞ്ഞു. അതേസമയം ടീം സെലക്ഷനില്‍ വംശീയതയുടെ പേരില്‍ കാംബ്ലിയെ മാറ്റി നിര്‍ത്തിയെന്ന പ്രസ്താ‍വന അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി.

വംശീയതയ്ക്കെതിരെ ആഗോളതലത്തില്‍ പോരാട്ടം നയിക്കുന്ന കായിക സംഘടനകളിലൊന്നാണ് ബി സി സി ഐ എന്ന് ഫിനാന്‍സ് ആന്‍ഡ് മീഡിയ കമ്മിറ്റി ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :