ഇന്ത്യയ്ക്ക് 241 റണ്‍സ് ലീഡ്

ഹാമില്‍ട്ടണ്‍| WEBDUNIA|
ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റില്‍ ഇന്ത്യ 241 റണ്‍സിന്‍റെ ഒന്നാമിന്നിംഗ്സ് ലീഡ് നേടി. ടെസ്റ്റിലെ നാല്‍‌പത്തിരണ്ടാം സെഞ്ച്വറി നേടിയ സച്ചിന്‍റെ മികവിലാണ് ഇന്ത്യ കൂറ്റന്‍ ലീഡ് നേടിയത്. 520 റണ്‍സിനാണ് ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് അവസാനിച്ചത്.

ഹാമില്‍ട്ടണില്‍ അരങ്ങുതകര്‍ത്ത റെയ്ഡറുടെയും കീവീസ് ക്യാപ്റ്റന്‍ വെറ്റോറിയുടെയും പ്രകടനത്തെ വെല്ലുന്നതായിരുന്നു സച്ചിന്‍റെ ഇന്നിംഗ്സ്. 260 പന്തുകള്‍ അഭിമുഖീകരിച്ച സച്ചിന്‍ 26 തവണ പന്ത് അതിര്‍ത്തി കടത്തി. 168 പന്തില്‍ നിന്നാണ് സച്ചിന്‍ ടെസ്റ്റ് കരിയറിലെ നാല്‍‌പത്തിരണ്ടാം സെഞ്ച്വറി തികച്ചത്. 160 റണ്‍സിനാണ് അദ്ദേഹം പുറത്തായത്.

യുവരാജ് പുറത്തായ ശേഷം ക്രീസില്‍ സച്ചിനോടൊപ്പം ഒന്നിച്ച ധോണി മികച്ച പിന്തുണ നല്‍കി. അര്‍ദ്ധസെഞ്ച്വറി പ്രതീക്ഷകള്‍ ഉയര്‍ത്തിയ ധോണി 47 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 115 റണ്‍സെടുത്തു.

സഹീര്‍ഖാനാണ് പിന്നീട് ഇന്ത്യന്‍ സ്കോറിന് വേഗം കൂട്ടിയത്. 46 പന്തില്‍ നിന്ന് എട്ട് ഫോറുകള്‍ സഹിതം സഹീര്‍ പുറത്താകാതെ 51 റണ്‍സ് നേടി. ഹര്‍ഭജന്‍ പതിനാറും ഇഷാന്ത് ശര്‍മ ആറും മുനാഫ് പട്ടേല്‍ ഒമ്പതും റണ്‍സ് നേടി.

രണ്ടാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ കിവീസ് 15 ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സ് നേടിയിട്ടുണ്ട്. ടീം മക്‍‌ലന്‍റോഷാണ് പുറത്തായത്. 3 പന്തുകള്‍ നേരിട്ട മക്‍ലന്‍റോഷിന് റണ്‍സൊന്നും എടുക്കാനായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :