കീവീസിന് വീണ്ടും നിറംമങ്ങിയ തുടക്കം

ഹാമില്‍ട്ടണ്‍| WEBDUNIA|
ഇന്ത്യയ്ക്കെതിരായ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് രണ്ടാമിന്നിംഗ്സിലും നിറംമങ്ങിയ തുടക്കം. മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ 75 റണ്‍സെടുത്ത ന്യൂസിലാന്‍ഡിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

ഓപ്പണര്‍ മക്‍ലന്‍റോഷിന്‍റെ വിക്കറ്റ് ആദ്യം തന്നെ കിവീസിന് നഷ്ടമായി. 3 പന്തുകള്‍ നേരിട്ട മക്‍ലന്‍റോഷ് അക്കൌണ്ട് തുറക്കുന്നതിന് മുന്‍‌പേ ഫസ്റ്റ് സ്ലിപ്പില്‍ നിന്ന ടെന്‍ഡുല്‍ക്കര്‍ പിടികൂടുകയായിരുന്നു.

വിക്കറ്റുകള്‍ വലിച്ചെറിയാതെ ക്ഷമയോടെ പിടിച്ചുനില്‍ക്കാനുള്ള ശ്രമമായിരുന്നു പിന്നീട് ക്രീസില്‍ ഒന്നിച്ച ഗുപ്തിലും ഡാനിയേല്‍ ഫ്ലിന്നും നടത്തിയത്. എന്നാല്‍ 48 റണ്‍സെടുത്ത് ഗുപ്തില്‍ പുറത്തായത് കീവിസിന് തിരിച്ചടിയായി. തുടര്‍ന്ന് ക്രീസിലെത്തിയ മില്‍‌സിനെ അവസാ‍ന പന്തില്‍ മുനാഫ് പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി മടക്കിയയച്ചു.

ടെന്‍ഡുല്‍ക്കറുടെ സെഞ്ച്വറിയുടെ മികവില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 241 റണ്‍സിന്‍റെ ലീഡ് നേടിയിരുന്നു. 520 റണ്‍സിനാണ് ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് അവസാനിച്ചത്. 279 റണ്‍സായിരുന്നു ന്യൂസിലാന്‍ഡിന്‍റെ ഒന്നാമിന്നിംഗ്സ് സ്കോര്‍.

ഹാമില്‍ട്ടണില്‍ അരങ്ങുതകര്‍ത്ത റെയ്ഡറുടെയും കീവീസ് ക്യാപ്റ്റന്‍ വെറ്റോറിയുടെയും പ്രകടനത്തെ വെല്ലുന്നതായിരുന്നു സച്ചിന്‍റെ ഇന്നിംഗ്സ്. 160 റണ്‍സാണ് സച്ചിന്‍ നേടിയത്. 260 പന്തുകള്‍ അഭിമുഖീകരിച്ച ടെന്‍ഡുല്‍ക്കര്‍ 26 തവണ പന്ത് അതിര്‍ത്തി കടത്തി. ടെസ്റ്റ് കരിയറിലെ സച്ചിന്‍റെ നാല്‍‌പത്തിരണ്ടാം സെഞ്ച്വറിയാണ് ഇത്.

യുവരാജ് പുറത്തായ ശേഷം ക്രീസില്‍ എത്തിയ ധോണി അര്‍ദ്ധസെഞ്ച്വറിയോട് അടുത്തെങ്കിലും 47 റണ്‍സെടുത്ത് പുറത്തായി. ആ‍റാം വിക്കറ്റില്‍ സച്ചിനും ധോണിയും ചേര്‍ന്ന് 115 റണ്‍സ് എടുത്തു.

സഹീര്‍ഖാനാണ് പിന്നീട് ഇന്ത്യന്‍ സ്കോറിന് വേഗം കൂട്ടിയത്. 46 പന്തില്‍ നിന്ന് എട്ട് ഫോറുകള്‍ സഹിതം സഹീര്‍ പുറത്താകാതെ 51 റണ്‍സ് നേടി. ഹര്‍ഭജന്‍ പതിനാറും ഇഷാന്ത് ശര്‍മ ആറും മുനാഫ് പട്ടേല്‍ ഒമ്പതും റണ്‍സ് നേടി. ഇഷാന്തിനെയും മുനാഫിനെയും പുറത്താക്കി കിവീസ് നായകന്‍ വെറ്റോറിയാണ് ഇന്ത്യന്‍ ബാറ്റിംഗ് വേഗം അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :