"എല്ലാം വസിഷ്ഠനരുളിച്ചെയ്യുംവണ്ണം കല്യാണമുള്‍ക്കൊണ്ടൊരുക്കിക്കൊടുക്ക നീ നാളെ വേണമഭിഷേകമിളമയായ് നാളീകനേത്രനാം രാമനു നിര്‍ണ്ണയം. നന്ദിതനായ സുമന്ത്രരുമന്നേരം വന്ദിച്ചു ചൊന്നാന്‍ വസിഷ്ഠനോടാദരാല്‍ “എന്തോന്നു വേണ്ടുന്നതെന്നരുള്‍ചെയ്താലു- മന്തരമെന്നിയേ സംഭരിച്ചീടുവാന്‍“ ചിത്തേ നിരൂപിച്ചുകണ്ടു സുമന്ത്രരോ- ടിത്ഥം വസിഷ്ടമുനിയുമരുള്‍ചെയ്തു 310 “കേള്‍ക്ക നാളെപ്പുലര്‍കാലെ ചമയിച്ചു ചെല്ക്കണ്ണിമാരായ കന്യകമാരെല്ലാം മദ്ധ്യകക്‍ഷ്യേ പതിനാറുപേര്‍ നില്‍ക്കണം മത്തഗജങ്ങള്‍ പൊന്നണിയിക്കണം ഐരാവതകുലജാതനാം നാല്ക്കൊമ്പ- ന്മാരാല്‍ വരേണമലങ്കരിച്ചങ്കണേ ദിവ്യനാനാതീര്‍ത്ഥവാരിപൂര്‍ണ്ണങ്ങളായ് ദിവ്യരത്നങ്ങളെമൂഴ്ത്തി വിചിത്രമായ് സ്വര്‍ണ്ണകലശസഹസ്രം മലയജ- പര്‍ണ്ണങ്ങള്‍ കൊണ്ടു വായ് കെട്ടിവച്ചീടണം 320 പുത്തന്‍ പുലിത്തോല്‍ വരുത്തുക മുന്നിഹ ഛത്രം സുവര്‍ണ്ണദണ്ഡം മണിശോഭിതം. മുക്താമണിമാല്യരാജിതനിര്‍മ്മല വസ്ത്രങ്ങള്‍ മാല്യങ്ങളാഭരണങ്ങളും സല്‍കൃതന്മാരാം മുനിജനം വന്നിഹ നില്ക്ക കുശപാണികളായ് സഭാന്തികേ. നര്‍ത്തകിമാരൊടു വാരവധിജനം നരത്തകഗായകവൈണികവര്‍ഗ്ഗവും ദിവ്യവാദ്യങ്ങളെല്ലാംപ്രയോഗിക്കണ- മുര്‍വ്വീശ്വരാങ്കണേ നിന്നു മനോഹരം. 330 ഹസ്ത്യശ്വപത്തിരഥാദി മഹാബലം വസ്ത്രാദ്യലങ്കാരത്തോടു വന്നീടണം ദേവാലയങ്ങള്‍തോറും ബലിപൂജയും ദീപാവലികളും വേണം മഹോത്സവം ഭൂപാലരേയും വരുവാന്‍ നിയോഗിക്ക ശോഭയോടെ രാഘവാഭിഷേകാര്‍ത്ഥമായ് ഇത്ഥം സുമന്ത്രരേയും നിയോഗിച്ചതി- സത്വരം തേരില്‍ക്കരേറി വസിഷ്ഠനും ദാശരഥി ഗൃഹമെത്രയും ഭാസ്വര- മാശു സന്തോഷേണ സമ്പ്രാപ്യ സാദരം 340 നിന്നതുനേരമറിഞ്ഞു രഘുവരന്‍ ചെന്നുടന്‍ ദണ്ഡനമസ്കാരവും ചെയ്താന്‍ രത്നാസനവും കൊടുത്തിരുത്തി തദാ പത്നിയോടുമതിഭക്ത്യാ രഘൂത്തമന്‍ പൊല്ക്കലശസ്ഥിതനിര്‍മ്മലവാരിണാ തൃക്കാല്‍ കഴുകിച്ചു പാദാബ്ജതീര്‍ത്ഥവും ഉത്തമാംഗേന ധരിച്ചു വിശുദ്ധനായ് ചിത്തമോദേന ചിരിച്ചരുള്‍ചെയ്തു “പുണ്യവാനായേനടിയനതീവ കേ- ളിന്നു പാദോദകതീര്‍ത്ഥം ധരിക്കയാല്‍”. 350
|