ലൌകികമായ വാക്യങ്ങളെന്നാലും ലോകോത്തരന്മാര്‍ക്കു വേണ്ടിവരുമല്ലോ യോഗേശനായ നീ സംസാരി ഞാനെന്നു ലോകേശ! ചൊന്നതു സത്യമത്രേ ദൃഢം സര്‍വ്വജഗത്തിനും കാരണഭൂതയായ് സര്‍വ്വമാതാവായ മായാഭഗവതി സര്‍വ്വജഗല്‍പിതാവായ നിന്നുടെ ദിവ്യഗൃഹിണിയാകുന്നതു നിര്‍ണ്ണയം ഈരേഴുലോകവും നിന്‍റെ ഗൃഹമപ്പോള്‍ ചേരും ഗൃഹസ്ഥനാകുന്നതെന്നുള്ളതും നിന്നുടെ സന്നിധിമാത്രേണ മായയില്‍ നിന്നു ജനിക്കുന്നു നാനാ പ്രജകളും അര്‍ണ്ണോജസംഭവനാദിത്യണാന്തമാ- യൊന്നൊഴിയാതെ ചരാചരജന്തുക്കള്‍ 130 ഒക്കവേ നിന്നപത്യം പുനരാകയാ- ലൊക്കും പറഞ്ഞതു സംസാരിയെന്നതും ഇക്കണ്ട ലോകജന്തുക്കള്‍ക്കു സര്‍വ്വദാ മുഖ്യനായതും പിതാവായതും നീയല്ലോ ശുക്ലരക്താസിതവര്‍ണ്ണഭേദം പൂണ്ടു സത്വരജസ്തമോനാമയഗുണത്രയ- യുക്തയായീടിന വിഷ്ണുമഹാമായ ശക്തിയല്ലോ തവ പത്നിയാക്കുന്നതും സത്വങ്ങളെജ്ജനിപ്പിക്കുന്നതുമവള്‍ സത്യം ത്വയോക്തമതിനില്ല സംശയം 140 പുത്രമിത്രാര്‍ത്ഥകളത്രവസ്തുക്കളില്‍ സക്തനായുള്ള ഗൃഹസ്ഥന്‍ മഹാമതേ! ലോകത്രയമഹാഗേഹത്തിനു ഭവാ നേകനായൊരു ഗൃഹസ്ഥനാകുന്നതും നാരായണന്‍ നീ രമാദേവി ജാനകി മാരാരിയും നീയുമാദേവി ജാനകി സാരസസംഭവനായതും നീ തവ ഭാരതീദേവിയാകുന്നതും ജാനകി ആദിത്യനല്ലോ ഭവാന്‍ പ്രഭാ ജാനകി ഗീതകിരണന്‍ നീ രോഹിണീ ജാനകി 150 ആദിതേയാധിപന്‍ നീ ശചീ ജാനകി ജാതവേദസ്സു നീ സ്വാഹാ മഹീസുത അര്‍ക്കജന്‍ നീ ദണ്ഡനീതിയും ജാനകി രക്ഷോവരന്‍ ഭവാന്‍ താമസി ജാനകി പുഷ്കരാക്ഷന്‍ ഭവാന്‍ ഭാര്‍ഗ്ഗവി ജാനകി ശുക്രദൂതന്‍ നീ സദാഗതി ജാനകി രാജരാജന്‍ ഭവാന്‍ സംപല്‍ക്കരീ സീതാ രാജരാജന്‍ നീ വസുന്ധരാ ജാനകി രാജപ്രവരകുമാരാ രഘുപതേ! രാജീവലോചനാ! രാമ ദയാനിധേ! 160 രുദ്രനല്ലോ ഭവാന്‍ രുദ്രാണി ജാനകി സ്വര്‍ദ്രുമം നീ ലതാരൂപിണി ജാനകി വിസ്തരിച്ചെന്തിനേറെപ്പറഞ്ഞീടുന്നു? സത്യപരാക്രമ! സല്‍ഗുണവാരിധേ! യാതൊന്നു യാതൊന്നു പുല്ലിംഗ വാചകം വേദാന്തവേദ്യ! തല്‍സര്‍വ്വവുമേവ നീ ചേതോവിമോഹന! സ്ത്രീലിംഗവാചകം യാതൊന്നതൊക്കവേ ജാനകീദേവിയും നിങ്ങളിരുവരുമെന്നിയേ മറ്റൊന്നു- മെങ്ങുമേ കണ്ടീല കേള്‍പ്പാനുമില്ലല്ലോ. 170 അങ്ങനെയുള്ളൊരു നിന്നെത്തിരഞ്ഞറി- ഞ്ഞെങ്ങനെ സേവിച്ചുകൊള്‍വൂ ജഗല്‍പതേ! മായയാ മുടി മറഞ്ഞിരിക്കുന്നോരു നീയല്ലോ നൂനമവ്യാകൃതമായതും പിന്നെയതിങ്കല്‍നിന്നുള്ളൂ മഹത്തത്ത്വ- മെന്നതതിങ്കല്‍നിന്നുണ്ടായി സൂത്രവും സര്‍വ്വാത്മകമായ ലിംഗമതിങ്കല്‍നി- ന്നുര്‍വ്വീപതേ! പുനരുണ്ടായ്ചമഞ്ഞതും എന്നതഹങ്കാരബുദ്ധി പഞ്ചപ്രാണ- നിന്ദ്രിയജാലസംയുക്തമായൊന്നല്ലോ. 180
|