പാദപങ്കജം തൊഴുതവളെയനുഗ്രഹി- ച്ചാദരപൂര്‍വ്വം മിഥിലാപുരമകംപുക്കു മുപ്പുരവൈരിയുടെ ചാപവും മുറിച്ചുടന്‍ മല്‍പാണിഗ്രഹണവുംചെയ്തു പോരുന്നനേരം മുല്‍പ്പുക്കുതടുത്തോരു ഭാര്‍ഗ്ഗവരാമന്‍തന്‍റെ ദര്‍പ്പവുമടക്കി വമ്പോടയോദ്ധ്യയും പുക്കു ദ്വാദശസംവത്സരമിരുന്നു സുഖത്തോടെ താതനുമഭിഷേകത്തിന്നാരംഭിച്ചാനതു മാതാവു കൈകേയിയും മുടക്കിയതുമൂലം ഭ്രാതാവാകിയ സുമിത്രാത്മജനോടുംകൂടെ 240 ചിത്രകൂടം പ്രാപിച്ചു വസിച്ചകാലം താതന്‍ വൃത്രാരിപുരം പുക്ക വൃത്താന്തം കേട്ടശേഷം ചിത്തശോകത്തോടുദകക്രിയാദികള്‍ ചെയ്തു ഭക്തനാം ഭരതനെയയച്ചു രാജ്യത്തിനായ് ദണ്ഡകാരണ്യംപുക്കകാലത്തു വിരാധനെ ഖണ്ഡിച്ചു കുഭോത്ഭവനാമഗസ്ത്യനെക്കണ്ടു പണ്ഡിതന്മാരാം മുനിമാരോടു സത്യംചെയ്തു ദണ്ഡമെന്നിയേ രക്ഷോവംശത്തെയൊടുക്കുവാന്‍ പുക്കിതു പഞ്ചവടി തത്ര വാണീടുംകാലം പുഷ്കരശരപരവശയായ് വന്നാളല്ലോ 250 രക്ഷോനായകനുടെ സോദരി ശൂര്‍പ്പണഖാ; ലക്ഷ്മണനവളുടെ നാസികാച്ഛേദംചെയ്തു. ഉന്നതനായ ഖരന്‍ കോപിച്ചു യുദ്ധത്തിന്നായ്- വന്നിതു പതിന്നാലുസഹസ്രം പടയോടും, കോന്നിതു മൂന്നേമുക്കാല്‍നാഴികകൊണ്ടുതന്നെ; പിന്നെശ്ശൂര്‍പ്പണഖ പോയ് രാവണനോടു ചൊന്നാള്‍. മായയാ പൊന്മാനായ് വന്നോരു മാരീചന്‍തന്നെ- സ്സായകംപ്രയോഗിച്ചു സല്‍ഗതികൊടുത്തപ്പോള്‍ മായാസീതയെക്കൊണ്ടു രാവണന്‍ പോയശേഷം മായാമാനുഷന്‍ ജടായുസ്സിനു മോക്ഷം നല്‍കി. 260 രാക്ഷസവേഷം പൂണ്ട കബന്ധന്‍തന്നെക്കൊന്നു മോക്ഷവും കൊടുത്തു പോയ് ശബരിതന്നെക്കണ്ടു. മോക്ഷദനവളുടെ പൂജയും കൈക്കൊണ്ടഥ മോക്ഷദാനവുംചെയ്തു പുക്കിതു പമ്പാതീരം. തത്ര കണ്ടിതു നിന്നെപ്പിന്നെ നിന്നോടുംകൂടി മിത്രനന്ദനനായ സുഗ്രീവന്‍തന്നെക്കണ്ടു മിത്രമായിരിപ്പൂതെന്നന്യോന്യം സഖ്യം ചെയ്തു വൃത്രാരിപുത്രനായ ബാലിയെ വധംചെയ്തു സീതാന്വേഷണംചെയ്തു ദക്ഷിണജലധിയില്‍ സേതുബന്ധനം ലങ്കാമര്‍ദ്ദനം പിന്നെശ്ശേഷം 270 പുത്രമിത്രാമാത്യഭൃത്യാദികളൊടുംകൂടി യുദ്ധസന്നദ്ധനായ ശത്രുവാം ദശാസ്യനെ ശസൃതേണ വധംചെയ്തു രക്ഷിച്ചു ലോകത്രയം ഭക്തനാം വിഭീഷണന്നഭിഷേകവുംചെയ്തു പാവകന്തങ്കല്‍ മറഞ്ഞിരുന്നൊരെന്നെപ്പിന്നെ പാവനയെന്നു ലോകസമ്മതമാക്കിക്കൊണ്ടു പാവകനോടു വാങ്ങി പുഷ്പകം കരയേറി ദേവകളോടുമനുവാദംകൊണ്ടയോദ്ധ്യയാം രാജ്യത്തിന്നഭിഷേകംചെയ്തു ദേവാദികളാല്‍ പൂജ്യനായിരുന്നരുളീടിനാന്‍ ജഗന്നാഥന്‍. 280 യാജ്യനാം നാരായണന്‍ ഭക്തിയുളളവര്‍ക്കു സാ- യൂജ്യമാം മോക്ഷത്തെ നല്‍കീടിനാന്‍ നിരഞ്ജനന്‍. ഏവമാദികളായ കര്‍മ്മങ്ങള്‍ തന്റെ മായാ- ദേവിയാമെന്നെക്കൊണ്ടു ചെയ്യിപ്പിക്കുന്നു നൂനം. രാമനാം ജഗല്‍ഗുരു നിര്‍ഗുണന്‍ ജഗദഭി- രാമനവ്യയനേകനാനന്ദാത്മകനാത്മാ- രാമനദ്വയന്‍ പരന്‍ നിഷ്കളന്‍ വിദ്വദ്ഭൃംഗാ- രാമനച്യുതന്‍ വിഷ്ണുഭഗവാന്‍ നാരായണന്‍ ഗമിക്കെന്നതും പുനരിരിക്കെന്നതും കിഞ്ചില്‍ ഭ്രമിക്കെന്നതും തഥാ ദുഃഖിക്കെന്നതുമില്ല. 290 നിര്‍വികാരാത്മാ തേജോമയനായ് നിറഞ്ഞൊരു നിര്‍വൃതനൊരുവസ്തു ചെയ്കയില്ലൊരുനാളും. നിര്‍മ്മലന്‍ പരിണാമഹീനനാനന്ദമൂര്‍ത്തി ചിന്മയന്‍ മായാമയന്‍തന്നുടെ മായാദേവി കര്‍മ്മങ്ങള്‍ ചെയ്യുന്നതു താനെന്നു തോന്നിക്കുന്നു തന്മായാഗുണങ്ങളെത്താനനുസരിക്കയാല്‍."
|