ശ്രീരാമന്‍ പരമാത്മാ പരമാനന്ദമൂര്‍ത്തി പുരുഷന്‍ പ്രകൃതിതന്‍കാരണനേകന്‍ പരന്‍ പുരുഷോത്തമന്‍ ദേവനനന്തനാദിനാഥന്‍ ഗുരുകാരുണ്യമൂര്‍ത്തി പരമന്‍ പരബ്രഹ്‌മം ജഗദുത്ഭവസ്ഥിതിപ്രളയകര്‍ത്താവായ ഭഗവാന്‍ വിരിഞ്ചനാരായണശിവാത്മകന്‍ അദ്വയനാദ്യനജനവ്യയനാത്മാരാമന്‍ തത്ത്വാത്മാ സച്ചിന്മയന്‍ സകളാത്മകനീശന്‍ 160 മാനുഷനെന്നു കല്‍പിച്ചീടുവോരജ്ഞാനികള്‍ മാനസം മായാതമസ്സംവൃതമാകമൂലം. സീതാരാഘവമരുല്‍സുനു സംവാദം മോക്ഷ- സാധനം ചൊല്‍വന്‍ നാഥേ! കേട്ടാലും തെളിഞ്ഞു നീ.
എങ്കിലോ മുന്നം ജഗന്നായകന്‍ രാമദേവന്‍ പങ്കജവിലോചനന്‍ പരമാനന്ദമൂര്‍ത്തി ദേവകണ്ടകനായ പങ്ക്തികണ്ഠനെക്കൊന്നു ദേവിയുമനുജനും വാനരപ്പടയുമായ് സത്വരമയോദ്ധ്യപുക്കഭിഷേകവും ചെയ്തു സത്താമാത്രാത്മാ സകലേശനവ്യയന്‍ നാഥന്‍ 170 മിത്രപുത്രാദികളാം മിത്രവര്‍ഗ്ഗത്താലുമ- ത്യുത്തമന്മാരാം സഹോദരവീരന്മാരാലും കീകസാത്മജാസുതനാം വിഭീഷണനാലും ലോകേശാത്മജനായ വസിഷ്ഠാദികളാലും സേവ്യനായ് സൂര്യകോടിതുല്യതേജസാ ജഗ- ച്ഛ്‌റാവ്യമാം ചരിതവും കേട്ടുകേട്ടാനന്ദിച്ചു നിര്‍മ്മലമണിലസല്‍കാഞ്ചനസിംഹാസനേ തന്മായാദേവിയായ ജാനകിയോടുംകൂടി സാനന്ദമിരുന്നരുളീടുന്നനേരം പര- മാനന്ദമൂര്‍ത്തി തിരുമുമ്പിലാമ്മാറു ഭക്ത്യാ 180 വന്ദിച്ചുനില്‍ക്കുന്നൊരു ഭക്തനാം ജഗല്‍പ്രാണ- നന്ദനന്‍തന്നെത്തൃക്കണ്‍പാര്‍ത്തു കാരുണ്യമൂര്‍ത്തി മന്ദഹാസവുംപൂണ്ടു സീതയോടരുള്‍ചെയ്തുഃ "സുന്ദരരൂപേ! ഹനുമാനെ നീ കണ്ടായല്ലീ? നിന്നിലുമെന്നിലുമുണ്ടെല്ലാനേരവുമിവന്‍- തന്നുളളിലഭേദയായുളേളാരു ഭക്തി നാഥേ! ധന്യേ! സന്തതം പരമാത്മജ്ഞാനത്തെയൊഴി- ഞ്ഞൊന്നിലുമൊരുനേരമാശയുമില്ലയല്ലോ. നിര്‍മ്മലനാത്മജ്ഞാനത്തിന്നിവന്‍ പാത്രമത്രേ നിര്‍മ്മമന്‍ നിത്യബ്രഹ്‌മചാരികള്‍മുമ്പനല്ലോ. 190 കല്‍മഷമിവനേതുമില്ലെന്നു ധരിച്ചാലും തന്മനോരഥത്തെ നീ നല്‍കണം മടിയാതെ. നമ്മുടെ തത്ത്വമിവന്നറിയിക്കേണമിപ്പോള്‍ ചിന്മയേ! ജഗന്മയേ! സന്മയേ! മായാമയേ! ബ്രഹ്‌മോപദേശത്തിനു ദുര്‍ല്ലഭം പാത്രമിവന്‍ ബ്രഹ്‌മജ്ഞാനാര്‍ത്ഥികളിലുത്തമോത്തമനെടോ!"
|