പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാമായണ പാരായണം - ഒന്നാം ദിവസം

ശിവന്‍ കഥ പറയുന്നു

പങ്ക്തികന്ധരമുഖരാക്ഷസവീരന്മാരാല്‍
സന്തതം ഭാരേണ സന്തപ്തയാം ഭൂമിദേവി
ഗോരൂപംപൂണ്ടു ദേവതാപസഗണത്തോടും
സാരസാസനലോകം പ്രാപിച്ചു കരഞ്ഞേറ്റം 380
വേദനയെല്ലാം വിധാതാവിനോടറിയിച്ചാള്‍;
വേധാവും മൂഹൂര്‍ത്തമാത്രം വിചാരിച്ചശേഷം
'വേദനായകനായ നാഥനോടിവ ചെന്നു
വേദനംചെയ്കയെന്യേ മറ്റൊരു കഴിവില്ല.'
സാരസോത്ഭവനേവം ചിന്തിച്ചു ദേവന്മാരോ-
ടാരൂഢഖേദം നമ്മെക്കൂട്ടിക്കൊണ്ടങ്ങു പോയി
ക്ഷീരസാഗരതീരംപ്രാപിച്ചു ദേവമുനി-
മാരോടുകൂടി സ്തുതിച്ചീടിനാന്‍ ഭക്തിയോടെ.
ഭാവനയോടുംകൂടി പുരുഷസൂക്തംകൊണ്ടു
ദേവനെസ്സേവിച്ചിരുന്നീടിനാന്‍ വഴിപോലെ. 390
അന്നേരമൊരു പതിനായിരമാദിത്യന്മാ-
രൊന്നിച്ചു കിഴക്കുദിച്ചുയരുന്നതുപോലെ
പത്മസംഭവന്‍തനിക്കന്‍പൊടു കാണായ്‌വന്നു
പത്മലോചനനായ പത്മനാഭനെ മോദാല്‍.
മുക്തന്മാരായുളെളാരു സിദ്ധയോഗികളാലും
ദുര്‍ദ്ദര്‍ശമായ ഭഗവദ്രൂപം മനോഹരം
ചന്ദ്രികാമന്ദസ്മിതസുന്ദരാനനപൂര്‍ണ്ണ-
ചന്ദ്രമണ്ഡലമരവിന്ദലോചനം ദേവം
ഇന്ദ്രനീലാഭം പരമിന്ദിരാമനോഹര-
മന്ദിരവക്ഷസ്ഥലം വന്ദ്യമാനന്ദോദയം 400
വത്സലാഞ്ഞ്ഛനവത്സം പാദപങ്കജഭക്ത-
വത്സലം സമസ്തലോകോത്സവം സത്സേവിതം
മേരുസന്നിഭകിരീടോദ്യല്‍കുണ്ഡലമുക്താ-
ഹാരകേയൂരാംഗദകടകകടിസൂത്ര
വലയാംഗുലീയകാദ്യഖിലവിഭൂഷണ-
കലിതകളേബരം, കമലാമനോഹരം
കരുണാകരം കണ്ടു പരമാനന്ദംപൂണ്ടു
സരസീരുഹഭവന്‍ മധുരസ്ഫുടാക്ഷരം
സരസപദങ്ങളാല്‍ സ്തുതിച്ചുതുടങ്ങിനാന്‍ഃ
"പരമാനന്ദമൂര്‍ത്തേ! ഭഗവന്‍! ജയജയ. 410
മോക്ഷകാമികളായ സിദ്ധയോഗീന്ദ്രന്മാര്‍ക്കും
സാക്ഷാല്‍ കാണ്മതിന്നരുതാതൊരു പാദാംബുജം
നിത്യവും നമോസ്തു തേ സകലജഗല്‍പതേ!
നിത്യനിര്‍മ്മലമൂര്‍ത്തേ ! നിത്യവും നമോസ്തു തേ.
സത്യജ്ഞാനാനന്താനന്ദാമൃതാദ്വയമേകം
നിത്യവും നമോസ്തു തേ കരുണാജലനിധേ!
വിശ്വത്തെസ്സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടും
വിശ്വനായക! പോറ്റീ! നിത്യവും നമോസ്തു തേ.
സ്വാദ്ധ്യായതപോദാനയജ്ഞാദികര്‍മ്മങ്ങളാല്‍
സാദ്ധ്യമല്ലൊരുവനും കൈവല്യമൊരുനാളും. 420
മുക്തിയെസ്സിദ്ധിക്കേണമെങ്കിലോ ഭവല്‍പാദ-
ഭക്തികൊണ്ടൊഴിഞ്ഞു മറ്റൊന്നിനാലാവതില്ല.
നിന്തിരുവടിയുടെ ശ്രീപാദാംബുജദ്വന്ദ്വ-
മന്തികേ കാണായ്‌വന്നിതെനിക്കു ഭാഗ്യവശാല്‍.
സത്വചിത്തന്മാരായ താപസശ്രേഷ്ഠന്മാരാല്‍
നിത്യവും ഭക്ത്യാ ബുദ്ധ്യാ ധരിക്കപ്പെട്ടോരു നിന്‍-
പാദപങ്കജങ്ങളില്‍ ഭക്തി സംഭവിക്കണം
ചേതസി സദാകാലം ഭക്തവത്സലാ! പോറ്റീ!
സംസാരാമയപരിതപ്തമാനസന്മാരാം
പുംസാം ത്വത്ഭക്തിയൊഴിഞ്ഞില്ല ഭേഷജമേതും 430
മരണമോര്‍ത്തു മമ മനസി പരിതാപം
കരുണാമൃതനിധേ! പെരികെ വളരുന്നു.
മരണകാലേ തവ തരുണാരുണസമ-
ചരണസരസിജസ്മരണമുണ്ടാവാനായ്‌
തരിക വരം നാഥ! കരുണാകര! പോറ്റീ!
ശരണം ദേവ! രമാരമണ! ധരാപതേ!
പരമാനന്ദമൂര്‍ത്തേ! ഭഗവന്‍ ജയ ജയ!
പരമ! പരമാത്മന്‍! പരബ്രഹ്‌മാഖ്യ! ജയ.
പരചിന്മയ!പരാപര! പത്മാക്ഷ! ജയ
വരദ! നാരായണ! വൈകുണ്ഠ! ജയ ജയ." 440
1| 2| 3| 4| 5| 6| 7| 8| 9| 10| 11
കൂടുതല്‍
രാമായണ മാസം
ഭാരതീയതയുടെ ശക്തി
ഓച്ചിറയിലെ നിരാകാര സങ്കല്പം
ആയുധപൂജ-, വിദ്യാരംഭം
നവരാത്രി -കേരളത്തില്‍ സരസ്വതിപൂജ
നവരാത്രിയെന്നാല്‍ സ്ത്രീ ആരാധന