പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാമായണ പാരായണം - ഒന്നാം ദിവസം

ഉമാമഹേശ്വരസംവാദം

കൈലാസാചലേ സൂര്യകോടിശോഭിതേ വിമ-
ലാലയേ രത്നപീഠേ സംവിഷ്ടം ധ്യാനനിഷ്ഠം
ഫാലലോചനം മുനിസിദ്ധദേവാദിസേവ്യം
നീലലോഹിതം നിജ ഭര്‍ത്താരം വിശ്വേശ്വരം
വന്ദിച്ചു വാമോത്സംഗേ വാഴുന്ന ഭഗവതി
സുന്ദരി ഹൈമവതി ചോദിച്ചു ഭക്തിയോടെഃ 110
"സര്‍വാത്മാവായ നാഥ! പരമേശ്വര! പോറ്റീ !
സര്‍വ്വലോകാവാസ ! സര്‍വ്വേശ്വര! മഹേശ്വരാ!
ശര്‍വ! ശങ്കര! ശരണാഗതജനപ്രിയ!
സര്‍വ്വദേവേശ ! ജഗന്നായക! കാരുണ്യാബ്ധേ!
അത്യന്തം രഹസ്യമാം വസ്തുവെന്നിരിക്കിലു-
മെത്രയും മഹാനുഭാവന്മാരായുളള ജനം
ഭക്തിവിശ്വാസശുശ്രൂഷാദികള്‍ കാണുന്തോറും
ഭക്തന്മാര്‍ക്കുപദേശംചെയ്തീടുമെന്നു കേള്‍പ്പു.
ആകയാല്‍ ഞാനുണ്ടൊന്നു നിന്തിരുവടിതന്നോ-
ടാകാംക്ഷാപരവശചേതസാ ചോദിക്കുന്നു. 120
കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോള്‍
ശ്രീരാമദേവതത്ത്വമുപദേശിച്ചീടണം.
തത്ത്വഭേദങ്ങള്‍ വിജ്ഞാനജ്ഞാനവൈരാഗ്യാദി
ഭക്തിലക്ഷണം സാംഖ്യയോഗഭേദാദികളും
ക്ഷേത്രോപവാസഫലം യാഗാദികര്‍മ്മഫലം
തീര്‍ത്ഥസ്നാനാദിഫലം ദാനധര്‍മ്മാദിഫലം
വര്‍ണ്ണധര്‍മ്മങ്ങള്‍ പുനരാശ്രമധര്‍മ്മങ്ങളു-
മെന്നിവയെല്ലാമെന്നോടൊന്നൊഴിയാതവണ്ണം
നിന്തിരുവടിയരുള്‍ചെയ്തു കേട്ടതുമൂലം
സന്തോഷമകതാരിലേറ്റവുമുണ്ടായ്‌വന്നു. 130
ബന്ധമോക്ഷങ്ങളുടെ കാരണം കേള്‍ക്കമൂല-
മന്ധത്വം തീര്‍ന്നുകൂടി ചേതസി ജഗല്‍പതേ!
ശ്രീരാമദേവന്‍തന്റെ മാഹാത്മ്യം കേള്‍പ്പാനുള്ളില്‍
പാരമാഗ്രഹമുണ്ടു, ഞാനതിന്‍ പാത്രമെങ്കില്‍
കാരുണ്യാംബുധേ! കനിഞ്ഞരുളിച്ചെയ്തീടണ-
മാരും നിന്തിരുവടിയൊഴിഞ്ഞില്ലതു ചൊല്‍വാന്‍."

ഈശ്വരി കാര്‍ത്ത്യായനി പാര്‍വ്വതി ഭഗവതി
ശാശ്വതനായ പരമേശ്വരനോടീവണ്ണം
ചോദ്യംചെയ്തതു കേട്ടു തെളിഞ്ഞു ദേവന്‍ ജഗ-
ദാദ്യനീശ്വരന്‍ മന്ദഹാസംപൂണ്ടരുള്‍ചെയ്തുഃ 140
"ധന്യേ! വല്ലഭേ! ഗിരികന്യേ! പാര്‍വ്വതീ! ഭദ്രേ!
നിന്നോളമാര്‍ക്കുമില്ല ഭഗവത്ഭക്തി നാഥേ!
ശ്രീരാമദേവതത്വം കേള്‍ക്കേണമെന്നു മന-
താരിലാകാംക്ഷയുണ്ടായ്‌വന്നതു മഹാഭാഗ്യം.
മുന്നമെന്നോടിതാരും ചോദ്യംചെയ്തീല, ഞാനും
നിന്നാണെ കേള്‍പ്പിച്ചതില്ലാരെയും ജീവനാഥേ!
അത്യന്തം രഹസ്യമായുളെളാരു പരമാത്മ-
തത്വാര്‍ത്ഥമറികയിലാഗ്രഹമുണ്ടായതും
ഭക്ത്യതിശയം പുരുഷോത്തമന്‍തങ്കലേറ്റം
നിത്യവും ചിത്തകാമ്പില്‍ വര്‍ദ്ധിക്കതന്നെ മൂലം. 150
ശ്രീരാമപാദാംബുജം വന്ദിച്ചു സംക്ഷേപിച്ചു
സാരമായുളള തത്വം ചൊല്ലുവന്‍ കേട്ടാലും നീ.
1| 2| 3| 4| 5| 6| 7| 8| 9| 10| 11
കൂടുതല്‍
രാമായണ മാസം
ഭാരതീയതയുടെ ശക്തി
ഓച്ചിറയിലെ നിരാകാര സങ്കല്പം
ആയുധപൂജ-, വിദ്യാരംഭം
നവരാത്രി -കേരളത്തില്‍ സരസ്വതിപൂജ
നവരാത്രിയെന്നാല്‍ സ്ത്രീ ആരാധന