നാന്മറനേരായ രാമായണം ചമയ്‌ക്കയാല്‍ നാന്മുഖനുളളില്‍ ബഹുമാനത്തെ വളര്‍ത്തൊരു വാല്മീകികവിശ്രേഷ്‌ഠനാകിയ മഹാമുനി- താന്‍ മമ വരം തരികെപ്പൊഴും വന്ദിക്കുന്നേന്‍, രാമനാമത്തെസ്സദാകാലവും ജപിച്ചീടും കാമനാശനനുമാവല്ലഭന്‍ മഹേശ്വരന്‍ ശ്രീമഹാദേവന്‍ പരമേശ്വരന്‍ സര്‍വ്വേശ്വരന്‍ മാമകേ മനസി വാണീടുവാന്‍ വന്ദിക്കുന്നേന്‍.
വാരിജോത്ഭവനാദിയാകിയ ദേവന്മാരും നാരദപ്രമുഖന്മാരാകിയ മുനികളും വാരിജശരാരാതിപ്രാണനാഥയും മമ വാരിജമകളായ ദേവിയും തുണയ്‌ക്കേണം. കാരണഭൂതന്മാരാം ബ്രാഹ്‌മണരുടെ ചര- ണാരുണാംബുജലീനപാംസുസഞ്ചയം മമ ചേതോദര്‍പ്പണത്തിന്റെ മാലിന്യമെല്ലാം തീര്‍ത്തു ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍.
ആധാരം നാനാജഗന്മയനാം ഭഗവാനും വേദമെന്നല്ലോ ഗുരുനാഥന്‍താനരുള്‍ചെയ്തു; വേദത്തിന്നാധാരഭൂതന്മാരിക്കാണായൊരു ഭൂദേവപ്രവരന്മാര്‍ തദ്വരശാപാദികള്‍ ധാതൃശങ്കരവിഷ്ണുപ്രമുഖന്മാര്‍ക്കും മതം, വേദജ്ഞോത്തമന്മാര്‍മാഹാത്മ്യങ്ങളാര്‍ക്കു ചൊല്ലാം? പാദസേവകനായ ഭക്തനാം ദാസന്‍ ബ്രഹ്‌മ- പാദജനജ്ഞാനിനാമാദ്യനായുളേളാരു ഞാന്‍ വേദസമ്മിതമായ് മുമ്പുളള ശ്രീരാമായണം ബോധഹീനന്മാര്‍ക്കറിയാംവണ്ണം ചൊല്ലീടുന്നേന്‍. വേദവേദാംഗവേദാന്താദിവിദ്യകളെല്ലാം ചേതസി തെളിഞ്ഞുണര്‍ന്നാവോളം തുണയ്‌ക്കേണം. സുരസംഹതിപതി തദനു സ്വാഹാപതി വരദന്‍ പിതൃപതി നിരൃതി ജലപതി തരസാ സദാഗതി സദയം നിധിപതി കരുണാനിധി പശുപതി നക്ഷത്രപതി സുരവാഹിനീപതിതനയന്‍ ഗണപതി സുരവാഹിനീപതി പ്രമഥഭൂതപതി ശ്രുതിവാക്യാത്മാ ദിനപതി ഖേടാനാംപതി ജഗതി ചരാചരജാതികളായുളേളാരും അഗതിയായോരടിയന്നനുഗ്രഹിക്കേണ- മകമേ സുഖമേ ഞാനനിശം വന്ദിക്കുന്നേന്‍.
അഗ്രജന്‍ മമ സതാം വിദുഷാമഗ്രേസരന്‍ മല്‍ഗുരുനാഥനനേകാന്തേവാസികളോടും ഉള്‍ക്കുരുന്നിങ്കല്‍ വാഴ്‌ക രാമരാമാചാര്യനും മുഖ്യന്മാരായ ഗുരുഭൂതന്മാര്‍ മറ്റുളേളാരും.
|