Last Updated:
ചൊവ്വ, 16 ഓഗസ്റ്റ് 2016 (14:54 IST)
ഗൗരവമേറിയ ഒരു മനോരോഗമാണ് സംശയരോഗം. നമ്മുടെ സമൂഹത്തില്‍ 10,000 പേരില്‍ മൂന്ന് പേര്‍ക്കെങ്കിലും ഈ ഒരു അസുഖം ഉള്ളതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് ഈ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലെന്ന് പല പഠനങ്ങളിലും വ്യക്തമാക്കുന്നു. പല തരത്തിലുള്ള കാരണങ്ങള്‍ മൂലം ഈ രോഗം വരാവുന്നതാണ്. സംശയ രോഗം എങ്ങിനെയാണ് ഉണ്ടാകുന്നതെന്നും അതിനെ പ്രതിരോധിക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങളാണ് ഉള്ളതെന്നും നോക്കാം.
ഇന്നത്തെ സമൂഹത്തില്‍ വിവാഹിതരായ പല സ്ത്രീകള്‍ക്കും തങ്ങളുടെ ഭര്‍ത്താക്കന്‍മാരെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സംശയമാണ്. തിരിച്ചും പല പുരുഷന്‍മാരും സ്വന്തം ഭാര്യയെ സംശയിക്കുന്നവരുമാണ്. സ്ത്രീകളില്‍ ഇത്തരത്തിലുള്ള സംശയങ്ങള്‍ ജനിപ്പിക്കുന്നതിന് പല കാരണങ്ങളുമുണ്ട്. അതില്‍ പ്രധാന പങ്കു വഹിക്കുന്ന ഒരു ഘടകമാണ് ഇന്നത്തെ ടെലിവിഷന്‍ സീരിയലുകള്‍. അതിനു പുറമേ മറ്റു പല കാരണങ്ങളാലും സംശയരോഗം ഉണ്ടാകാറുണ്ട്.
സ്ത്രീകളുടെ ഭൂതകാല അനുഭവങ്ങളാണ് ഇത്തരം സംശയം ഉടലെടുക്കുന്നതിനുള്ള ഒരു പ്രധാന കാരണം. ചില സ്ത്രീകളുടെ കുടുംബ പ്രശ്നങ്ങള്‍ അതായത് അമ്മയെ ഉപേക്ഷിച്ചു പോയ അച്ഛനോ അല്ലെങ്കില്‍ തിരിച്ചോ, അതുമല്ലെങ്കില്‍ തന്റെ പൂര്‍വ്വകാല ബന്ധങ്ങളുടെ പരാജയങ്ങള്‍ ഇവയെല്ലാം ചില സ്ത്രീകള്‍ക്ക് തന്റെ ഭര്‍ത്താക്കന്‍മാരില്‍ സംശയം ജനിപ്പിക്കാറുണ്ട്. തന്റെ അമ്മയോട് അച്ഛന്‍ ചെയ്തപോലെ അല്ലെങ്കില്‍ തന്റെ കാമുകന്‍ തന്നോട് ചെയ്തപോലെ ഭര്‍ത്താവ് തന്നോട് ചെയ്യുമോയെന്ന ചിന്തയാണ് ഈ സംശയത്തിനു കാരണം.
ഭര്‍ത്താവ് തന്നെ വഞ്ചിക്കുന്നുണ്ടെന്ന ചിന്ത പല സ്ത്രീകളിലും കണ്ടുവരാറുണ്ട്. പല കാരണങ്ങളിലും അനാവശ്യമായി അവര്‍ ഭര്‍ത്താവിനെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കും. അതായത് തന്റെ മുന്നില്‍ നിന്നും മാറി ഫോണിലൂടെ സംസാരിക്കുന്നതോ ചാറ്റ് ചെയ്യുന്നതോ, കുളിമുറിയില്‍ പോകുമ്പോള്‍ ഫോണ്‍ കൂടെ കൊണ്ടുപോകുന്നതുമെല്ലാം ഇവര്‍ വീക്ഷിക്കുന്നു. ഇത്തരം അനാവശ്യമായ ചിന്തകള്‍ വച്ചു പുലര്‍ത്തുന്നതു മൂലം പല സ്ത്രീകളിലും മാനസികമായ പിരിമുറുക്കങ്ങള്‍ ഉണ്ടാകുകയും ഭര്‍ത്താവിനെ സംശയിക്കുകയും ചെയ്യുന്നു.
മനഃശാസ്ത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ സംശയരോഗം ഉണ്ടാകാറുണ്ട്. നമ്മുടെ ബോധമനസ്സില്‍ ചില വ്യക്തികളോടും വസ്തുക്കളോടും സാഹചര്യങ്ങളോടും തോന്നുന്ന ആകര്‍ഷണത്തെ അല്ലെങ്കില്‍ ആഗ്രഹത്തെ നിരാകരിച്ച് അതിനെ ഉപബോധമനസ്സിലേക്ക് തള്ളിവിട്ട് അവിടെനിന്ന് ഇത് തന്റെ ആഗ്രഹമല്ല മറ്റൊരുവ്യക്തിയുടെ ആഗ്രഹമാണ് എന്ന് തോന്നിപ്പിക്കുമ്പോള്‍ സംശയരോഗങ്ങള്‍ ഉടലെടുക്കുന്നു എന്നാണ് മനഃശാസ്ത്രത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന സിഗ്മണ്ട് ഫ്രോയ്ഡ് അഭിപ്രായപ്പെട്ടത്.
സംശയരോഗം ഏറ്റവും കൂടുതലായി കണ്ടുവരുന്നത് സ്ത്രീകളിലാണ്. വളരെ രസകരമായ ഒരു രോഗമാണിത്. സാമ്പത്തികമായും സാമൂഹികമായും തന്നെക്കാള്‍ ഉയര്‍ന്ന ഒരുവ്യക്തി തന്നെ രഹസ്യമായി പ്രേമിക്കുന്നു എന്നതാണ് ഈ സംശയരോഗത്തിന്റെ മുഖ്യലക്ഷണം. അതുപോലെ മറ്റൊന്നാണ് താന്‍ ചതിക്കപ്പെടുന്നു, തന്നെ ആരോ പിന്തുടരുന്നു, ഭക്ഷണപാനീയങ്ങളില്‍ വിഷവസ്തുക്കള്‍ ചേര്‍ത്ത് കൊല്ലാന്‍ ശ്രമിക്കുന്നു, തനിക്കെതിരെ ദുര്‍മന്ത്രവാദികളെ പ്രയോഗിക്കുന്നു എന്നൊക്കെ തോന്നുന്നത്‍.
സംശയരോഗത്തെ രോഗിയുടെ അഭിനയമാണെന്നും അഹങ്കാരമാണെന്നുമൊക്കെ തെറ്റിദ്ധരിച്ച് ചികിത്സ നല്കാതിരിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. ഒരുകാരണവശാലും ഇക്കാര്യത്തെ ഇത്തരത്തില്‍ കണ്ട് തള്ളികളയരുത്. എല്ലായ്പ്പോഴും പരസ്പര വിശ്വാസത്തോടെ പങ്കാളികള്‍ പെരുമാറുകയാണ് വേണ്ടത്. നമുക്കിടയില്‍ ഒന്നും ഒളിച്ചു വെക്കാനില്ലെന്ന ചിന്ത പരസ്പരം ഉണ്ടാക്കിയെടുക്കണം. നീയാണ് എനിക്കെല്ലാമെന്ന ചിന്ത പരസ്പരം ഉണ്ടാക്കിയെടുക്കണം. അത് ഒരു നല്ല കുടുംബം കെട്ടിപ്പടുക്കാന്‍ സഹായിക്കുകയും സംശയമെന്ന കാര്യത്തിന് അവിടെ സ്ഥാനമില്ലാതാകുകയും ചെയ്യുന്നു.