ബജറ്റ് 2020: കൃഷിക്കാർക്ക് വായ്പ നൽകുന്നതിനായി 15 ലക്ഷം കോടി രൂപ വകയിരുത്തും

ചിപ്പി പീലിപ്പോസ്| Last Modified ശനി, 1 ഫെബ്രുവരി 2020 (11:51 IST)
കർഷകർക്ക് മുൻ‌ഗണന നൽകുന്നതാണ് ബജറ്റ് തീരുമാനമങ്ങളെന്ന് ധനമന്ത്രി നിർമല സീതാരാമൻ.
ജനവിധി മാനിച്ചുള്ള സാമ്പത്തിക നയങ്ങൾ നടപ്പാക്കുമെന്ന് രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി അറിയിച്ചു.

ബജറ്റിൽ കർഷകർക്കായി പ്രത്യേക കരുതൽ. കൃഷിക്കാർക്കു വായ്പ നൽകുന്നതിനായി 15 ലക്ഷം കോടി രൂപ വകയിരുത്തും. കർഷകരുടെ വരുമാനം വർധിപ്പിക്കാൻ 16 ഇന പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. കർഷകർക്ക് അതിവേഗം ഉൽപന്നങ്ങൾ അയയ്ക്കുന്നതിനായി കിസാൻ റെയിൽ പദ്ധതി ആരംഭിക്കും

20 ലക്ഷം കർഷകർക്ക് സൗരോർജത്തിൽ പ്രവർത്തിക്കുന്ന പമ്പുകൾ സ്ഥാപിക്കാനാകും വിധം പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉഥാൻ മഹാഭിയാൻ(പിഎം കുസും) പ്രവർത്തനം വിപുലമാക്കുമെന്ന് ധനമന്ത്രി പാർലമെന്റിൽ.

ജലദൗർലഭ്യം നേരിടുന്ന രാജ്യത്തെ ജില്ലകളിൽ 100 ജില്ലകൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കും. കർഷകർക്കായി 20 ലക്ഷം സൗരോർജ പമ്പുകൾക്കായി പദ്ധതി നടപ്പാക്കും. തരിശുഭൂമിയിൽ സോളർ പവർ പ്ലാന്റുകൾ സ്ഥാപിക്കും. 2020 ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. മത്സരാധിഷ്ഠിത കാർഷിക രംഗമുണ്ടാക്കുകയെന്നത് സർക്കാരിന്റെ പ്രതീക്ഷ. ഇതിലൂടെ കാർഷിക രംഗത്ത് കാര്യമായ മാറ്റം സംഭവിക്കുമെന്നാണ് പ്രതീക്ഷ.

ഉപഭോഗ ശേഷി വർധിപ്പിക്കാനുള്ള നടപടികൾക്ക് ബജറ്റിൽ ഊന്നൽ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. ജനവിധി മാനിച്ചുളള സാമ്പത്തിക നയങ്ങൾ നടപ്പാക്കും. രാജ്യത്തെ 27.1 കോടി ജനത്തെ ദാരിദ്രത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാരിനായെന്ന് ധനമന്ത്രി ബജറ്റ് ആമുഖ പ്രസംഗത്തിൽ അറിയിച്ചു. ബജറ്റ് ആമുഖ പ്രസംഗത്തിൽ അന്തരിച്ച മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ഓർമ പുതുക്കാനും ധനമന്ത്രി മറന്നില്ല.

11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റ് അവതരണം നേരില്‍ കാണാന്‍ ധനമന്ത്രിയുടെ കുടുംബവും പാര്‍ലമെന്‍റിലെത്തിയിട്ടുണ്ട്. അതീവസുരക്ഷയോടെയാണ് ബജറ്റ് രേഖകൾ പാർലമെന്റിന് അകത്തേക്ക് എത്തിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :