വെബ്‌ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (19:02 IST)
ഒരു കൂട്ടം യുവാക്കളുടെ അപകടകരമായ പ്രവർത്തി കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആളുകൾ. അതിവേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയുടെ ടയറ് ഓടിക്കൊണ്ടിരിക്കെ തന്നെ യുവാക്കൾ കൈകൊണ്ട് മാറ്റുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി. ഒരേസമയം തന്നെ ഭീതിയും അമ്പരപ്പും തോന്നുന്ന ദൃശ്യമാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്.
അതിവേഗത്തിൽ പായുന്ന ഒരു ഓട്ടോറിക്ഷയാണ് വീഡിയോയിൽ ആദ്യം കാണുക. പെട്ടന്ന് വണ്ടി ഡ്രിഫ്റ്റ് ചെയ്ത് ചെരിഞ്ഞ് രണ്ട് ടയറിൽ മാത്രം ഓടാൻ തുടങ്ങി. ഇതോടെ ഓട്ടോറിഷയിലെ പാസഞ്ചർ സീറ്റിൽ ഇരിക്കുന്ന യുവാവ് ടയർ കൈകൊണ്ട് ഊരി മാറ്റുന്നത് കാണാം. പിന്നീട് മറ്റൊരു ഓട്ടോറിക്ഷയിൽ പിന്തുടർന്ന് എത്തിയ ആൾ പുതിയ ടയർ നൽകുന്നു. ഇത് യുവാവ് ഓട്ടോറിക്ഷയിൽ ഘടിപ്പിച്ചു. ഈ സമയമത്രെയും രണ്ട് ടയറിൽ ഓട്ടോറിക്ഷ അതിവേഗത്തിൽ കുതിച്ചുകൊണ്ടിരിക്കുകയായിരുന്നു.
പ്രമുഖ വ്യവസായി ഹർഷ് ഗൊയെങ്ക സംഭവത്തിന്റെ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. 'വാഹനങ്ങളുടെ ടയർ മാറുന്നത് പല തവണ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഇത് ജെയിംസ് ബോണ്ട് സ്റ്റൈലിലാണ്' എന്ന തലക്കുറിപ്പോടെയാണ് ഹർഷ് ഗൊയെങ്ക വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ 60,000ലധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധിപേരാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്.