Last Modified വ്യാഴം, 6 ജൂണ്‍ 2019 (11:00 IST)
ട്രോളുകളുടെ കാര്യത്തില്‍ മലയാളത്തിലെ പല ട്രോൾ പേജുകളെയും കടത്തി വെട്ടുന്നതാണ് കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്. ബോധവത്കരണത്തിന്‍റെ ഭാഗമായുള്ള ട്രോളുകളിലൂടെയും കിടിലൻ മറുപടികളിലൂടെയുമാണ് പേജ് ശ്രദ്ധേയമായി മാറാൻ തുടങ്ങിയത്.
നിപയെകുറിച്ചുള്ള കേരള പൊലീസിന്‍റെ പോസ്റ്റാണ് അതില്‍ ഒടുവിലത്തേത്. രണ്ടാം ഘട്ടത്തിനായി കേരളത്തിലേക്ക് വന്ന നിപയെ തുരത്തി ഓടിക്കുന്ന കേരളമാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. സൂപ്പർഹിറ്റ് ചിത്രം മീശമാധവനിലെ കഥാപാത്രങ്ങളായ പിള്ളേച്ചനെയും പുരുഷുവിനെയും ഉൾപ്പെടുത്തിയാണ് ട്രോളുണ്ടാക്കിയിരിക്കുന്നത്.
പോസ്റ്റിന് താഴെ വരുന്ന കമന്‍റുകളും അവയ്ക്ക് കേരള പൊലീസിന്‍റെ ഉരുളക്ക് ഉപ്പേരി പോലുള്ള മറുപടികളും രസകരമാണ്. ''ഡ്രാക്കുള കോട്ട മുഴുവൻ വവ്വാലുണ്ടായിട്ടും ഡ്രാക്കുളകൾക്ക് എന്താണ് നിപ വരാത്തത്'' എന്ന ഒരു വിരുതന്‍റെ സംശയത്തിന് ''അത് തൂങ്ങി കിടക്കത്തെ ഉള്ളു..പഴത്തില്‍ പോയി കടിക്കാറില്ല'' എന്നായിരുന്നു കേരള പൊലീസിന്‍റെ കിടിലൻ മറുപടി.
നിലവിൽ രാജ്യത്തെ പൊലീസ് പേജുകളിൽ ഒന്നാം സ്ഥാനത്താണ് കേരള പൊലീസ്. പ്രത്യേകം തിരഞ്ഞെടുത്ത അഞ്ചംഗ പൊലീസ് ഉദ്യോഗസ്ഥരാണ് ഫേസ്ബുക്ക് പേജ് പ്രവർത്തിപ്പിക്കുന്നത്.