ബസില്‍ സ്ഥിരമായി സ്ത്രീകളെ ശല്യം ചെയ്യാറുണ്ടായിരുന്നെന്ന് ബിഗ് ബോസ് മത്സരാര്‍ത്ഥി; കമല്‍ഹാസന്‍ ചിരിച്ചു, കാണികള്‍ കയ്യടിച്ച് ചിരിച്ചു; വിമർശനം

പരുത്തിവീരനിലെ കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് ശരവണന്‍.

Last Modified ഞായര്‍, 28 ജൂലൈ 2019 (14:16 IST)
കോളേജ് പഠന കാലത്ത് താന്‍ സ്ഥിരമായി ബസില്‍ വച്ച് സ്ത്രീകളെ പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന് ബിഗ് ബോസ് മത്സരാര്‍ത്ഥി, പരിപാടിയ്ക്കിടെ അവതാരകനായ നടന്‍ കമല്‍ഹാസനോട് പറഞ്ഞു. ബിഗ് ബോസ് 3 തമിഴിലെ മത്സരാര്‍ത്ഥി ശരവണനാണ് ഇക്കാര്യം കമല്‍ഹാസനോട് പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിനാണ് ശരവണന്റെ സ്ത്രീകള്‍ക്കെതിരായ പ്രസ്താവന വഴി വച്ചിരിക്കുന്നത്. പരുത്തിവീരനിലെ കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് ശരവണന്‍.

ശനിയാഴ്ച രാത്രി സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് സംഭവം. മത്സരാര്‍ത്ഥികളായ മീര മിഥുനും ചേരനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കമല്‍ഹാസന്‍, തിരക്കുള്ള ബസില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കിയത്. ഓഫീസിലെത്താന്‍ തിരക്കിട്ട് ബസില്‍ ചാടിക്കയറുന്നവര്‍ മാത്രമല്ല, സ്ത്രീകളെ ശല്യം ചെയ്യാനും ദേഹോപദ്രവം ചെയ്യാനുമായി ബസില്‍ കയറുന്നവരുമുണ്ട് എന്ന് കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി.

കമല്‍ ഹാസന്‍ പറയുന്നത് തടസപ്പെടുത്തിയ ശരവണന്‍ ഇതിനിടയില്‍ കയറി ഞാനത് ചെയ്തിട്ടുണ്ട് എന്ന് പറയുകയായിരുന്നു. ഓ, നിങ്ങള്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവരെ തല്ലാറുണ്ടായിരുന്നു അല്ലേ എന്ന് കമല്‍ഹാസന്‍ ചോദിച്ചു. അതേമം താന്‍ സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ കയറിപ്പിടിക്കാറുണ്ടായിരുന്നു എന്നായിരുന്നു ശരവണന്റെ മറുപടി. ഈ ഉദ്ദേശത്തോടെ പതിവായി ബസില്‍ പോകുമായിരുന്നു എന്നും. അതേസമയം ഇത് വളരെ പണ്ടായിരുന്നു, കോളേജില്‍ പഠിക്കുമ്പോള്‍ എന്ന് പറഞ്ഞ് ശരവണന്‍ ന്യായീകരിക്കാന്‍ ശ്രമിച്ചു. കമല്‍ഹാസന്‍ പൊട്ടിച്ചിരിച്ചു. കാണികള്‍ കയ്യടിച്ച് ചിരിച്ചു.

ശരവണനും ബിഗ് ബോസിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ടവരും അല്ലാത്തവരുമെല്ലാം ഉയര്‍ത്തിയിരിക്കുന്നത്. ഇതിനെ തമാശയാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപദ അടക്കമുള്ളവര്‍ രംഗത്തെത്തി. ശരവണനേയും കാണികളേയും പരിപാടി സംപ്രേഷണം ചെയ്ത ചാനലിനേയും ചിന്മയി വിമര്‍ശിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :