നേപ്പാളും കടുത്ത സാമ്പ‌ത്തിക പ്രതിസന്ധിയിലേക്ക്, ഇന്ധന ഉപഭോഗം കുറയ്‌ക്കാൻ സ്ഥാപനങ്ങൾക്ക് 2 ദിവസം അവധി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2022 (14:06 IST)
ശ്രീലങ്കയ്ക്കും പാകിസ്ഥാനും പിന്നാലെ മറ്റൊരു അയൽരാജ്യമായ നേപ്പാളും കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. പ്രതിസന്ധിയെ തുടർന്ന് രാജ്യത്ത് ഇന്ധന ഉപഭോഗം കുറയ്ക്കാൻ സ്ഥാപനങ്ങൾക്ക് 2 ദിവസം അവധി നൽകുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് സർക്കാർ കടന്നിരിക്കുകയാണ്.

രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ശേഖരം ഏഴുമാസംകൊണ്ട് 16 ശതമാനം കുറഞ്ഞു. ഇന്ധനമുള്‍പ്പെടെ ഏതാണ്ടെല്ലാ അവശ്യവസ്തുക്കളും ഇന്ത്യയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന നേപ്പാളിന് ഏഴുമാസത്തെ ചെലവിനുള്ള തുക മാത്രമാണ് കയ്യിലുള്ളത്. രാജ്യത്തിന്റെ കടം മൊത്തം വരുമാനത്തിന്റെ 43 ശതമാനത്തിലേറെയായി.

ഇന്ധനവില നാലിരട്ടിയായി ഉയർന്നപ്പോൾ അവശ്യവസ്‌തുക്കൾക്ക് 20 ശതമാനത്തിലേറെ വിലയേറിയിരിക്കുകയാണ്. സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ കേന്ദ്ര ബാങ്കായ നേപ്പാള്‍ രാഷ്ട്രബാങ്കിന്റെ ഗവര്‍ണര്‍ മഹാപ്രസാദ് അധികാരിയെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു.

ഇതിനെ തുടർന്നാണ് ഇന്ധനഉപഭോഗം കുറയ്ക്കാനായി പൊതുമേഖലാ ഓഫീസുകള്‍ക്ക് ഈ മാസം രണ്ട് അവധികള്‍ നല്‍കാന്‍ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഒരു മാസത്തിലേറെയായി തുടരുന്ന യുക്രെയ്‌ൻ യുദ്ധം അനിശ്ചിതമായി നീളുന്നതും ഇന്ധനവിലയെ സ്വാധീനിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :