സജിത്ത്|
Last Modified വ്യാഴം, 12 മെയ് 2016 (18:29 IST)
ഇറ്റാലിയൻ സൂപ്പർ ബൈക്ക് ബ്രാൻഡായ
എം വി അഗസ്റ്റ ഇന്ത്യന്‍ വിപണിയിലെത്തി. മോപ്പഡായ ‘ലൂണ’യുമായി ഇന്ത്യൻ ഇരുചക്രവാഹന രംഗത്ത് അരങ്ങേറിയ കൈനറ്റിക് ഗ്രൂപ്പാണ് നാലു പതിറ്റാണ്ട് പിന്നിടുമ്പോൾ ഇറ്റലിയിൽ നിന്നുള്ള പ്രീമിയം മോട്ടോർ സൈക്കിൾ ശ്രേണിയായ എം വി അഗസ്റ്റ വിപണനം ചെയ്യുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
ഇന്ത്യയിൽ ആദ്യമായി സൂപ്പർ ബൈക്ക് 2001ല്‍ അവതരിപ്പിച്ച കമ്പനിയാണു കൈനറ്റിക് എന്ന് എം വി അഗസ്റ്റ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അജിങ്ക്യ ഫിറോദിയ പറഞ്ഞു. കൂടാതെ ഇന്ത്യയിൽ ഒരു കോടിയിലേറെ ഇരുചക്രവാഹനങ്ങൾ വിറ്റ പരിചയവും കൈനറ്റിക്കിനുണ്ട്. അടുത്ത ഒന്നര വർഷത്തിനിടെ എം വി അഗസ്റ്റ ബ്രാൻഡ് പ്രചരിപ്പിക്കാനും ഈ വിഭാഗത്തിൽ വളർച്ച കൈവരിക്കാനുമാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.‘എഫ് ഫോർ’, ‘എഫ് ത്രീ’, ‘ബ്രൂട്ടെയ്ൽ 1090’ എന്നീ സൂപ്പർ ബൈക്കുകളുമായാണ് എം വി അഗസ്റ്റ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്.
ഇന്ത്യയിൽ ഡ്യുകാറ്റി, ട്രയംഫ് തുടങ്ങിയവരോടാണ് എം വി അഗസ്റ്റയുടെ മത്സരം. ശേഷിയേറിയ ബൈക്കുകൾക്കുള്ള ആവശ്യം വർധിച്ചതിനാൽ ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ സാഹചര്യം അനുകൂലമാണെന്ന് എം വി അഗസ്റ്റ മോട്ടോർ എസ് പി എ കൺട്രി മാനേജർ അഭിപ്രായപ്പെട്ടു. അടുത്ത രണ്ടു വർഷത്തിനകം എം വി അഗസ്റ്റയുടെ സമ്പൂർണ ശ്രേണി തന്നെ ഇന്ത്യയിൽ ലഭ്യമാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇക്കൊല്ലം 300 ബൈക്കുകൾ ഇന്ത്യയിൽ വിൽക്കാനാണു പദ്ധതി. 16.78 ലക്ഷം മുതൽ 50.10 ലക്ഷം രൂപ വരെയാണ് ഈ മോഡലുകൾക്ക് പുനെ ഷോറൂമിലെ വില.