BIJU|
Last Modified വെള്ളി, 24 ഓഗസ്റ്റ് 2018 (15:38 IST)
എന്ത് കാര്യത്തിനിറങ്ങിയാലും അതില്‍ വിജയം നേടണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്. പരാജയം കാംക്ഷിച്ച് ഒരാളും ഒരു പ്രവര്‍ത്തിയിലും ഏര്‍പ്പെടുകയില്ല. എന്നാല്‍ വിജയിക്കാനായി ആരംഭിക്കുന്ന പല പദ്ധതികളും പരാജയപ്പെടുമ്പോള്‍ നിരാശരായി ജീവിതം തന്നെ മടുത്തുപോകുന്നവരാണ് കൂടുതലും. നിരാശപ്പെടേണ്ട, എല്ലാവര്‍ക്കും വിജയിക്കാന്‍ കഴിയും. അതിന് സിമ്പിളായ ചില മാര്‍ഗങ്ങളുണ്ട്. അവയില്‍ ചിലത് ഇതാ:
1. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്ത് നേടണമെന്നോ എന്ത് ആയിത്തീരണമെന്നോ ഒരു ലക്‍ഷ്യം ഉണ്ടായിരിക്കും. ആ ലക്‍ഷ്യത്തോട് എത്രമാത്രം ഉത്തരവാദിത്തത്തോടെയാണ് നിങ്ങളുടെ സമീപനം എന്ന് ശ്രദ്ധിക്കുക. നിങ്ങളുടെ ലക്‍ഷ്യത്തോട് നിങ്ങള്‍ നീതി പുലര്‍ത്തുന്നുണ്ടോ? ഓരോ ദിവസവും ഇതാണ് നിങ്ങളുടെ ലക്‍ഷ്യമെന്നും അതിനുവേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും മനസില്‍ ആവര്‍ത്തിച്ചുറപ്പിക്കണം. അതില്‍ നിന്ന് മനസിനെ വ്യതിചലിക്കാന്‍ അനുവദിക്കാതെയിരിക്കുക. ആ ലക്‍ഷ്യത്തോടൊപ്പം ജീവിക്കുക, അതോടൊപ്പം ഉണ്ണുക, ഉറങ്ങുക, ചിന്തിക്കുക. ആ ലക്‍ഷ്യത്തില്‍ നിശ്വസിക്കുക. ലക്ഷ്യം ഇടയ്ക്ക് വച്ച് മറക്കുകയോ മറ്റൊരു ലക്‍ഷ്യത്തിനായി പ്രവര്‍ത്തിക്കുകയോ ചെയ്യാതിരിക്കുക.
2. ലക്‍ഷ്യം നേടുന്നതിനായുള്ള അറിവ് സമ്പാദിക്കുക. നിങ്ങള്‍ക്ക് ചിലപ്പോള്‍ ഹിന്ദി ടീച്ചര്‍ ആകണമെന്നായിരിക്കും ആഗ്രഹം. പക്ഷേ ഹിന്ദി ഭാഷയേക്കുറിച്ച് വലിയ ഗ്രാഹ്യമൊന്നുമില്ല എന്ന് കരുതുക. ആറുമാസത്തിനുള്ളില്‍ ഞാന്‍ ഹിന്ദി ഭാഷയില്‍ പ്രാവീണ്യം നേടുമെന്ന് ദൃഢനിശ്ചയമെടുക്കുക. അതിനായി നിരന്തരം പ്രവര്‍ത്തിക്കുക. ലക്‍ഷ്യം നേടുന്നതിനായുള്ള അറിവ് സമ്പാദിക്കാന്‍ എല്ലാ മാര്‍ഗങ്ങളും തേടണം. എന്തായിത്തീരണമോ, അതേക്കുറിച്ച് കിട്ടാവുന്ന എല്ലാ അറിവും സ്വന്തമാക്കുക. ആ ലക്‍ഷ്യം നേടാന്‍ നിങ്ങളേക്കാള്‍ അര്‍ഹത മറ്റാര്‍ക്കും ഉണ്ടാകാത്ത അവസ്ഥയിലായിരിക്കണം ആ ലക്‍ഷ്യം നിങ്ങളിലേക്ക് എത്തേണ്ടത്. അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ മേഖലയില്‍ അജയ്യരായിത്തീരും.
3. സോഷ്യല്‍ മീഡിയയിലോ ടി വി കാണുന്നതിലോ അഡിക്‍ട് ആവാതെയിരിക്കുക. സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കുന്നത് പരമാവധി 15 മിനിറ്റ് ആക്കുക. അതും ഉറങ്ങുന്നതിന് മൂന്നോ നാലോ മണിക്കൂറുകള്‍ക്ക് മുമ്പ്. ഉറക്കമുണരുന്ന ഉടനെയോ ഉറങ്ങുന്നതിന് തൊട്ടുമുമ്പോ സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കരുത്. ടി വി കാണുന്ന സമയവും ദിവസം 10 മിനിറ്റാക്കി ചുരുക്കുക. ഏറ്റവും അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രം ടി വിയെയും സോഷ്യല്‍ മീഡിയയെയും ആശ്രയിക്കുക.
4. ഒരു കാര്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ അതില്‍ നിന്ന് ശ്രദ്ധ വ്യതിചലിച്ച് മറ്റൊന്നിലേക്ക് പോവുകയും അതില്‍ നിന്ന് മാറി വേറൊന്നിലേക്കും അങ്ങനെ തുടരുകയും ചെയ്യുന്നുണ്ടോ? ചെയ്യാനാഗ്രഹിച്ച കാര്യം അങ്ങനെ ചെയ്യാന്‍ കഴിയാതെയോ പൂര്‍ത്തിയാക്കാനാകാതെയോ വരുന്നുണ്ടോ? അനാവശ്യ ചിന്തകളാണ് ഇതിനെല്ലാം കാരണം. ഒരു കാര്യം ചെയ്യാന്‍ തുടങ്ങിയാല്‍ അതിനെപ്പറ്റി മാത്രം ആലോചിക്കുക. അത് വിജയകരമായി പൂര്‍ത്തിയാക്കുന്നതുവരെ മറ്റൊന്നും ചിന്തിക്കാതെയും പ്രവര്‍ത്തിക്കാതെയുമിരിക്കുക. പൂര്‍ണമായ ശ്രദ്ധയോടെ, ഏകാഗ്രതയോടെ ആ കാര്യം ചെയ്തതിന് ശേഷം മറ്റ് കാര്യങ്ങളിലേക്ക് മനസിനെ പറത്തിവിടാം. ചെയ്യുന്ന കാര്യങ്ങളിലെ ഫോക്കസ് നഷ്ടപ്പെടാതെയിരിക്കുക എന്നത് വളരെ പ്രധാനമാണ്.
5. നിങ്ങള്‍ക്ക് എല്ലാ ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചിക്കന്‍ ബിരിയാണി കഴിക്കാന്‍ ആഗ്രഹമുണ്ടാവുന്നു എന്നിരിക്കട്ടെ. അത് ആരോഗ്യത്തിന് നല്ലതല്ല എന്ന് നിങ്ങള്‍ക്കറിയാം. എന്നാലും ആഗ്രഹത്തെ തടയാനാവുന്നില്ല. നിങ്ങള്‍ ദിവസവും ചിക്കന്‍ ബിരിയാണി കഴിക്കുകയും ആരോഗ്യം അപകടത്തിലാവുകയും ചെയ്യുന്നു. ആഗ്രഹങ്ങളെ പിടിച്ചുകെട്ടുകയാണ് ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ടത്. നിങ്ങള്‍ നിങ്ങളോടുതന്നെ കരുണയില്ലാത്തവരായി ഇരിക്കുക എന്നതാണ് പ്രധാനം. നിങ്ങള്‍ക്ക് ഒരു ലക്‍ഷ്യമുണ്ട്. അതിനായി ഇന്ന് ഒരു കാര്യം ചെയ്യേണ്ടതുണ്ട്. ഇന്നൊരു സിനിമ കണ്ടിട്ട് നാളെ ലക്‍ഷ്യത്തിനായി പ്രവര്‍ത്തിക്കാം എന്നൊരു ചിന്തവന്നാല്‍, ആ ചിന്തയോട് പോയി പണി നോക്കാന്‍ പറയുക. സിനിമ എപ്പോള്‍ വേണമെങ്കിലും കാണാം, ലക്ഷ്യത്തിനായി നിങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ലക്‍ഷ്യം നിങ്ങളില്‍ നിന്ന്‍ അകന്നുപോവുകതന്നെ ചെയ്യും.
6. നിങ്ങളുടെ ലക്‍ഷ്യം നിങ്ങളുടെ മാത്രം ലക്‍ഷ്യമാണ്!
നിങ്ങള്‍ക്ക് ഒരു കാര്യം നേടണമെങ്കില്‍ അതിന് ഏറ്റവും കൂടുതല്‍ ശ്രമിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. അല്ലാതെ നിങ്ങളുടെ സഹോദരന്‍ ഇതിനുവേണ്ടി കുറച്ചുപണിയെടുക്കട്ടെ, നിങ്ങളുടെ കൂട്ടുകാരന്‍ ഇതിനായി അല്‍പ്പം ശ്രമിക്കട്ടെ എന്നൊന്നും ചിന്തിക്കരുത്. അവര്‍ക്ക് അവരുടെ തിരക്കുകളും ജോലികളുമുണ്ട്. നിങ്ങളുടെ വഴി നിങ്ങള്‍ തന്നെ വെട്ടുക. ആ വഴിയില്‍ എല്ലാ ചുമടും നിങ്ങളുടെ ചുമലില്‍ തന്നെയേറ്റി നടന്നുപോവുക. സ്വയം വെട്ടുന്ന വഴിയിലൂടെ നേടുന്ന വിജയത്തിനാണ് മധുരം. മറ്റുള്ളവരില്‍ നിന്ന് ചില്ലറ സഹായങ്ങള്‍ ചിലപ്പോള്‍ ലഭിച്ചേക്കാം. അതൊക്കെ ബോണസാണ്. എപ്പോഴും എല്ലാവരും സഹായിക്കട്ടെ എന്ന് പ്രതീക്ഷിച്ചിരുന്നാല്‍ ആ പ്രതീക്ഷ സഫലമാകില്ലെന്ന് ഉറപ്പിച്ചുപറയാം. മറ്റുള്ളവരുടെ വാക്കുകള്‍ക്കോ സഹായങ്ങള്‍ക്കോ കാത്തുനില്‍ക്കാതെ സ്വന്തം ഭാവനയ്ക്കനുസരിച്ച് ധൈര്യത്തോടെ മുന്നേറുക. വീഴ്ച പറ്റിയേക്കാം, വീഴ്ച വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്.