ന്യൂഡല്‍ഹി|
Last Modified വ്യാഴം, 13 ഓഗസ്റ്റ് 2015 (20:16 IST)
രാജ്യത്തിന്‍റെ വളര്‍ച്ച തടയാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. പാര്‍ലമെന്റിലെ കോണ്‍ഗ്രസിന്‍റെ പ്രവൃത്തികള്‍ അടിയന്തരാവസ്ഥക്കാലത്തെയാണ് ഓര്‍മിപ്പിക്കുന്നതെന്നും മോഡി പറഞ്ഞു. എം പിമാര്‍ അവരവരുടെ മണ്ഡലങ്ങളില്‍ പോയി കോണ്‍ഗ്രസിന്‍റെ ഈ പ്രവൃത്തികള്‍ തുറന്നുകാണിക്കാന്‍ മോഡി ആഹ്വാനം ചെയ്തു.
രാജ്യത്തെ സംരക്ഷിക്കാനാണ് എന്‍ ഡി എ സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ ശ്രമം ഒരു കുടുംബത്തെ മാത്രം സംരക്ഷിക്കാനാണ്. രാജ്യത്തിന്റെ വളര്‍ച്ചയെ തടയാനാണ് കോണ്‍ഗ്രസ് ശ്രമം. ജനാധിപത്യത്തെയാണ് കോണ്‍ഗ്രസ് ആക്രമിക്കുന്നത്. ഇത് ജനങ്ങള്‍ക്ക് ബോധ്യമാകും - നരേന്ദ്രമോഡി പറഞ്ഞു.
മോഡിക്ക് പാര്‍ലമെന്‍റില്‍ വരാന്‍ ധൈര്യമില്ലെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. വ്യാപം, ലളിത് മോഡി വിവാദങ്ങളില്‍ പ്രക്ഷുബ്‌ധമായ സഭാസമ്മേളനം വ്യാഴാഴ്ച അവസാനിച്ചിരുന്നു. ഒരു ദിവസം പോലും സഭ സുഗമമായി പ്രവര്‍ത്തിച്ചില്ല. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഇടതുപക്ഷവും പലതവണ സഭ ബഹിഷ്കരിച്ചിരുന്നു.
സുഷമ സ്വരാജിനെ ലക്‍ഷ്യം വച്ചായിരുന്നു സമ്മേളന കാലയളവില്‍ കോണ്‍ഗ്രസിന്‍റെ ആക്രമണം. എന്നാല്‍ ബുധനാഴ്ച സുഷമ അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ സഭ മുമ്പെങ്ങുമില്ലാത്ത വിധം ബഹളമയമായിരുന്നു.