'തമിഴ്നാട്ടില്‍ പ്രമുഖര്‍ കടപുഴകും’

ചെന്നൈ| Last Modified ബുധന്‍, 14 മെയ് 2014 (10:45 IST)
തമിഴ്നാട്ടില്‍ പല പ്രമുഖരും കടപുഴകുമെന്ന് പ്രമുഖ പ്രാദേശിക വാര്‍ത്ത ചാനലുകളുടെ എക്സിറ്റ് പോള്‍ പ്രവചനം. നീലഗിരിയില്‍ എ രാജയും തഞ്ചാവൂരില്‍ ടി ആര്‍ ബാലുവുമടക്കമുള്ളവര്‍ പരാജയപ്പെടുമെന്നാണ് തന്തി ടിവിയുടെ പ്രവചനം. അണ്ണാ ഡിഎംകെക്ക് 24 സീറ്റ് ലഭിക്കുമെന്നാണ് തന്തി ടിവി പ്രവചിക്കുന്നത്.

ആര്‍ക്കൊക്കെ അടി തെറ്റിയാലും തമിഴകത്ത് അണ്ണാ ഡിഎംകെക്ക് വ്യക്തമായ മേധാവിത്വം ലഭിക്കുമെന്നാണ് തമിഴ് വാര്‍ത്താ ചാനലുകളുടെ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. അണ്ണാ ഡിഎംകെക്ക് 29 സീറ്റുകളും ഡിഎംകെക്ക് അഞ്ചു സീറ്റുകളും എന്‍ഡിഎക്ക് അഞ്ചു സീറ്റുകളും ലഭിക്കും. ധര്‍മ്മപുരി, വിരുതനഗര്‍, കന്യാകുമാരി, കോയമ്പത്തൂര്‍, തെങ്കാശി എന്നീ സീറ്റുകളാണ് എന്‍ഡിഎക്ക് ലഭിക്കുക. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ചിത്രത്തിലേ ഉണ്ടാകില്ല എന്നും തന്തി ടിവി പ്രവചിക്കുന്നു. അതേ സമയം അണ്ണാ ഡിഎംകെക്ക് 27ഉം ഡിഎംകെക്ക് ആറും കോണ്‍ഗ്രസിന് ഒരു സീറ്റും എന്‍ഡിഎക്ക് അഞ്ചുസീറ്റുകളുമാണ് പുതിയ തലമുറയുടെ പ്രവചനം.

നീലഗിരിയില്‍ എ രാജയും തഞ്ചാവൂരില്‍ ടി ആര്‍ ബാലുവും മാത്രമല്ല ചെന്നൈ സൌത്തില്‍ മല്‍സരിക്കുന്ന ടികെഎസ് ഇളങ്കോവനടക്കമുള്ള ഡിഎംകെ നേതാക്കളും സേലത്ത് ഡിഎംഡികെ നേതാവും വിജയകാന്തിന്റെ ഭാര്യ സഹോദരനുമായ സുധീഷും ശിവഗംഗയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുന്ന പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും മയിലാട് തുറൈയില്‍ മണിശങ്കര്‍ അയ്യരും പുതുച്ചേരിയില്‍ കേന്ദ്ര മന്ത്രി നാരായണ സാമിയും ഉറപ്പായും പരാജയപ്പെടുന്നവരുടെ പട്ടികയിലാണെന്ന് തന്തി ടിവി പറയുന്നു.

എന്നാല്‍ മുന്‍ തൂക്കം നേടുമെന്ന് പറയുന്ന അണ്ണാ ഡിഎംകെ അടക്കമുള്ള എല്ലാ പാര്‍ട്ടികളും എക്സിറ്റ് പോള്‍ ഫലങ്ങളെ അപ്പാടെ തള്ളി. മുപ്പതിലധികം സീറ്റുകള്‍ ഉറപ്പായും നേടുമെന്ന് ജയലളിത പറയമ്പോള്‍ ജയലളിതയെ പേടിച്ച ചാനലുകാര്‍ അണ്ണാ ഡിഎംകെക്ക് മുന്‍ തൂക്കമുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണെന്നാണ് ഡിഎംകെ നേതാവ് സ്റ്റാലിന്റെ ആരോപണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :