നെല്‍വിന്‍ വില്‍സണ്‍|
Last Updated:
ശനി, 29 മെയ് 2021 (15:24 IST)
ചിക്കന്‍ ബിരിയാണി പൊതുവെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഭക്ഷണവിഭവമാണ്. പ്രത്യേകിച്ച് ലെഗ് പീസ് ഉള്ള ചിക്കന്‍ ബിരിയാണിക്ക് ഡിമാന്‍ഡ് അല്‍പ്പം കൂടുതലും. ലെഗ് പീസുള്ള ചിക്കന്‍ ബിരിയാണിക്കായി ഓര്‍ഡര്‍ കൊടുത്തിട്ട് അത് കിട്ടിയില്ലെങ്കില്‍ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും? സ്വാഭാവികമായും നമുക്ക് ദേഷ്യം വരും. എന്നാല്‍, ഇവിടെ ഒരു യുവാവ് ചിക്കന്‍ ബിരിയാണിയില്‍ ലെഗ് പീസ് ലഭിക്കാത്തതിനെ തുടര്‍ന്ന് മന്ത്രിക്ക് പരാതി നല്‍കി ! ഇന്ത്യയില്‍ തന്നെയാണ് സംഭവം.
തോട്ടകുറി രഘുപതി എന്ന പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് മന്ത്രിക്ക് പരാതി ലഭിച്ചത്. താന്‍ ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ ബിരിയാണിയില്‍ ലെഗ് പീസ് ഇല്ല എന്നാണ് യുവാവിന്റെ പരാതി. കൂടുതല്‍ മസാലയും ലെഗ് പീസും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ഓണ്‍ലൈനില്‍ ചിക്കന്‍ ബിരിയാണിക്ക് ഓര്‍ഡര്‍ നല്‍കിയത്. എന്നാല്‍, ബിരിയാണി തുറന്നുനോക്കിയപ്പോള്‍ അതില്‍ ലെഗ് പീസ് കാണാനില്ല. സൊമാറ്റോയിലാണ് ഇയാള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ലെഗ് പീസ് കാണാത്തതില്‍ അമര്‍ഷം തോന്നിയ യുവാവ് ഉടന്‍ ചിക്കന്‍ ബിരിയാണിയുടെ ചിത്രമെടുത്ത് ട്വിറ്ററില്‍ ഇട്ടു. കൂടുതല്‍ മസാലയും ലെഗ് പീസും ആവശ്യപ്പെട്ടാണ് ചിക്കന്‍ ബിരിയാണിക്ക് ഓര്‍ഡര്‍ നല്‍കിയതെന്നും എന്നാല്‍ ഇത് രണ്ടും തനിക്ക് കിട്ടിയില്ലെന്നും ഈ ട്വീറ്റില്‍ യുവാവ് പരാതിപ്പെടുന്നു. സൊമാറ്റോയെയും തെലങ്കാനയിലെ മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍, നഗരവികസന വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെടിആറിനെയും (കെ.ടി.രാമറാവു) ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.
ട്വീറ്റ് കണ്ട മന്ത്രി ആദ്യമൊന്നു ഞെട്ടി. ഇതെന്താണ് സംഭവമെന്ന് തിരക്കി. ഉടനെ എത്തി മന്ത്രിയുടെ മറുപടി, 'എന്നെ എന്തിനാണ് സഹോദരാ ഇതില്‍ ടാഗ് ചെയ്തിരിക്കുന്നത്? ഇക്കാര്യത്തില്‍ ഞാന്‍ എന്ത് ചെയ്യണമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? '
മന്ത്രിയുടെ മറുപടി ലഭിച്ചതിനു പിന്നാലെ പരാതിക്കാരനായ യുവാവ് തന്റെ ട്വീറ്റ് ഡെലീറ്റ് ചെയ്തിട്ടുണ്ട്.