ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 30 ജൂലൈ 2015 (09:53 IST)
1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് അബ്ദുൽ റസാഖ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിനായി അണിയറയില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. വധശിക്ഷ സ്റ്റേ ചെയ്യാനുള്ള അപേക്ഷ പരിഗണിക്കാന്‍ പുലര്‍ച്ചെ രണ്ടരയ്ക്കു കോടതി ചേരുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരുന്നു.
മേമന്റെ അവസാന പ്രതീക്ഷയായ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതോടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവയ്ക്കണമെന്നു ആവശ്യപ്പെട്ട് അഭിഭാഷകരായ പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം രാഷ്ട്രപതിയെ കാണുവാന്‍ ശ്രമിക്കുകയും അത് പാളുകയും ചെയ്‌തതോടെ
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എച്ച്എല്‍ ദത്തുവിനെ സന്ദര്‍ശിക്കുകയും ചെയ്‌തു.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ടയാളുടെ അപ്പീല്‍ കോടതി തള്ളിയാല്‍ ഇക്കാര്യം തടവുകാരനെ അറിയിച്ചശേഷം ഏഴുദിവസം കഴിഞ്ഞേ ശിക്ഷ നടപ്പാക്കാവ എന്ന മഹാരാഷ്ട്ര ജയില്‍ നിയമം ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകര്‍ കോടതിയെ സമീപിച്ചത്. പ്രത്യേക സാഹചര്യം പരിഗണിച്ച് കേസ് ഒരിക്കല്‍ കൂടി പരിഗണിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ആദ്യം രണ്ടു മണിയോടെ ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ വച്ച് അപേക്ഷ കേള്‍ക്കാനായിരുന്നു തീരുമാനമെങ്കിലും കോടതി ചേരുമെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ആളുകള്‍ തടിച്ചു കൂടിയതോടെ കേസ് കോടതിയിലേക്കു മാറ്റുകയായിരുന്നു.
അപ്രതീക്ഷിത കോടതി നടപടി അറിയിച്ചതിനെത്തുടര്‍ന്നു സുപ്രീംകോടതിയുടെ നാലാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസുമാരും അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയും രണ്ടേകാലോടെ സുപ്രീം കോടതിയിലെത്തി. ജസ്റ്റീസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി പന്ത്, അമിതാവ് റോയ് എന്നിവര്‍ രാത്രി സുപ്രീംകോടതിയില്‍ എത്തിച്ചേരുകയും ചെയ്‌തു. വ്യാഴാഴ്ച പുലര്‍ച്ചെ 2.40 മുതല്‍ വീണ്ടും മേമന്റെ കേസ് കോടതി പരിഗണിച്ചു. മരണവാറണ്ട് റദ്ദാക്കുന്ന കാര്യത്തിലും നടപടികളില്‍ വീഴ്ച പറ്റിയോ എന്നു പരിശോധിക്കുവാനും ഒരിക്കല്‍ കൂടി വീണ്ടും കോടതിയില്‍ വാദം കേള്‍ക്കുകയും ചെയ്‌തു. 4.55നു സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് മേമനെ തൂക്കിലേറ്റുവാന്‍ തടസങ്ങളൊന്നും ഇല്ലെന്നും വിധിക്കുകയായിരുന്നു.
മേമന്റെ കാര്യത്തില്‍ പുറപ്പെടുവിച്ച മരണവാറണ്ട് റദ്ദാക്കരുതെന്നു അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി കോടതിയില്‍ വാദിച്ചു. മേമന്റെ സഹോദരന്‍ 16 മാസങ്ങള്‍ക്കു മുമ്പ് തന്നെ ദയാഹര്‍ജി സമര്‍പ്പിക്കുകയും ഇതു രാഷ്ട്രപതി തള്ളുകയും ചെയ്തിരുന്നതായി റോഹ്തഗി വാദിച്ചു. വില്‍പത്രം തയാറാക്കുന്നതിനും മറ്റു നിയമ നടപടികള്‍ക്കും മേമനു 14 ദിവസത്തെ ഇളവ് ലഭിച്ചതായും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു. ഒരോ തവണയും ഒരോ കാരണങ്ങള്‍ പറഞ്ഞു ദയാഹര്‍ജികള്‍ സമര്‍പ്പിക്കുകയും വധശിക്ഷ നീട്ടിവയ്ക്കുവാനുമാണ് മേമന്‍ ശ്രമിക്കുന്നതെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വാദിച്ചു.
പ്രതിഭാഗത്തിന്റെ വാദങ്ങള്‍ കേട്ട സുപ്രീം കോടതി ബെഞ്ച് മേമന്റെ കാര്യത്തില്‍ പുറപ്പെടുവിച്ച മരണവാറണ്ട് റദ്ദാക്കുവാന്‍ തയാറായില്ല. മേമന് എല്ലാ തരത്തിലുമുള്ള നീതി ഉറപ്പാക്കിയിട്ടുണ്ടെന്നും കോടതി അറിയിച്ചു. വധശിക്ഷ നടപ്പിലാക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു. ഇതേ സമയം നാഗ്പ്പൂര്‍ ജയിലില്‍ മേമനെ തൂക്കുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയായിരുന്നു.