ന്യൂഡല്‍ഹി/നാഗ്‌പൂര്‍|
jibin|
Last Modified വ്യാഴം, 30 ജൂലൈ 2015 (09:14 IST)
1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് അബ്ദുൽ റസാഖ് മേമന്റെ വധശിക്ഷ നടപ്പാക്കി പശ്ചാത്തലത്തില്‍ മുംബൈ നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. വധശിക്ഷ നടപ്പാക്കിയ നാഗ്പുര്‍ ജയില്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
അതീവ ജാഗ്രതയിലാണ് മുംബൈ നഗരം. അവധിയില്‍ പോയ പൊലിസൂകാരെയും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരെയും തിരികെ വിളിച്ചു. മുംബൈ നഗരത്തില്‍മാത്രം മുപ്പതിനായിരം അധിക പൊലീസുകാരെ നിയോഗിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ സുരക്ഷ ജീവനക്കാരെ എത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നഗരത്തിലൂടെ കടന്നു പോകുന്നെ എല്ലാ വാഹനങ്ങളിലും കനത്ത പരിശോധന നടത്തുന്നുണ്ട്. യാക്കൂബ് മേമന്റെ മാഹിമിലെ വീട് പൊലീസ് വലയത്തിലാണ്. ഇങ്ങോട്ടുള്ള വഴികളെല്ലാം ബാരിക്കേഡ് വെച്ച അടച്ചിരിക്കുകയാണ്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് അടക്കം ജയില്‍ പരിസരത്ത് നിയന്ത്രണമുണ്ട്.
1993 ല്‍ മുംബൈയില്‍ 257 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടന പരമ്പരയിലെ മുഖ്യാസൂത്രകനാണ് മേമന്‍ എന്നാണ് സിബിഐയുടെ കുറ്റപത്രം. 1994-ല്‍ ന്യൂഡല്‍ഹിയില്‍നിന്നാണ് മേമന്‍ അറസ്റ്റിലായത്. 2007-ല്‍ കേസില്‍ ആദ്യ വിധി വന്നു. മേമന് വധശിക്ഷ വിധിച്ചു. തുടര്‍ന്നു കേസ് നടപടികള്‍ നീണ്ടു. 2013ല്‍ സുപ്രീംകോടതി മുംബൈ പ്രത്യേക ടാഡാ കോടതിയുടെ വിധി ശരിവച്ചു. പിന്നീട് ദയാഹര്‍ജി സമര്‍പ്പിച്ചതും കഴിഞ്ഞദിവസം തീര്‍പ്പാക്കി. സുപ്രീം കോടതിയില്‍ പിഴവു തിരുത്തല്‍ ഹര്‍ജിയും രാഷ്ട്രപതിക്കു രണ്ടാമതും ദയാഹര്‍ജിയും നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു. ഇന്നലെ രാത്രി സമര്‍പ്പിച്ച അവസാന അപേക്ഷയും തള്ളിയതോടെയാണ് വധശിക്ഷ ഉറപ്പായത്.