ന്യൂഡല്‍ഹി/നാഗ്‌പൂര്‍|
jibin|
Last Modified വ്യാഴം, 30 ജൂലൈ 2015 (08:20 IST)
തന്റെ വധശിക്ഷ രാഷ്ട്രീയവത്ക്കരിച്ചുവെന്നു 1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് അബ്ദുൽ റസാഖ് മേമന്‍. അത്ഭുതങ്ങള്‍ക്കു മാത്രമേ തന്നെ ഇനി രക്ഷിക്കുവാനാകുവെന്നും മേമന്‍ ജയില്‍ അധികൃതരോടു പറഞ്ഞിരുന്നു. രാവിലെ 6.30ന് നാഗ്പൂർ സെൻട്രൽ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്.
വ്യാഴാഴ്ച രാവിലെ ആറുമണിക്കു തന്നെ മേമന് പുതിയ വസ്ത്രങ്ങളും കഴിക്കുവാന്‍ ഭക്ഷണവും നല്‍കി. തൂക്കിലേറ്റുന്ന കാര്യത്തില്‍ അവസാന നിമിഷം വരെ അവ്യക്തതകള്‍ തുടര്‍ന്നിരുന്നുവെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ 4.55നു സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് മേമനെ തൂക്കിലേറ്റുവാന്‍ തടസങ്ങളൊന്നും ഇല്ലെന്നും വിധിക്കുകയായിരുന്നു. അതെ തുടര്‍ന്ന് അമ്പത്തിനാലാം പിറന്നാൾ ദിനത്തിലായിരുന്നു മേമന്റെ ജീവിതം കഴുമരത്തിൽ അവസാനിച്ചത്.
മേമന്റെ മൃതശരീരം ബന്ധുകള്‍ക്ക് വിട്ടു നല്‍കും. ശവസംസ്കാരം സ്വകാര്യ ചടങ്ങായി നടത്താം എന്ന ഉറപ്പിലാണ് ജയില്‍ വളപ്പില്‍ മേമനെ അടക്കാം എന്ന ആദ്യ തീരുമാനം മഹാരാഷ്ട്ര സര്‍ക്കാര്‍ തിരുത്തിയത്. മൃതദേഹവുമായി പ്രകടനമോ വിലാപയാത്രയോ നടത്താന്‍ പാടില്ല. ശവകുടീരം പണിയരുത്. നിര്‍ദേശിക്കുന്ന സമയത്തിനുള്ളില്‍ മൃതദേഹം സംസ്‌കരിക്കണം എന്നിവയാണ് ഉപാധികള്‍.