ആറ് മാസത്തേക്ക് 2,000 സ്ത്രീകളുടെ വസ്ത്രങ്ങള്‍ അലക്കുകയും ഇസ്തിരിയുടകയും വേണം; പീഡനശ്രമത്തിന് അറസ്റ്റിലായ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു

രേണുക വേണു| Last Modified വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (16:50 IST)

പീഡനശ്രമത്തിന് അറസ്റ്റിലായ പ്രതിക്ക് വിചിത്രമായ ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി. ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ ആറ് മാസത്തേക്ക് സൗജന്യമായി അലക്കി, ഇസ്തിരിയിട്ട് നല്‍കണമെന്നാണ് കോടതി മുന്നോട്ടുവച്ച ഉപാധി. വസ്ത്രങ്ങള്‍ അലക്കി ഉപജീവന മാര്‍ഗം കണ്ടെത്തുന്ന യുവാവിനോടാണ് കോടതി ഇക്കാര്യം പറഞ്ഞത്. പ്രതിക്ക് 20 വയസ്സാണ്, ലലന്‍ കുമാര്‍ എന്നാണ് ഇയാളുടെ പേര്.

ബിഹാറിലെ മജോര്‍ ഗ്രാമത്തിലാണ് വിചിത്ര സംഭവം. ബുധനാഴ്ചയാണ് ജില്ലാ കോടതി ഇങ്ങനെയൊരു ഉപാധി മുന്നോട്ടുവച്ചത്. പ്രതി കോടതിയുടെ ഉപാധി അംഗീകരിക്കുകയും ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. അടുത്ത ആറ് മാസത്തേക്ക് ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ അലക്കുകയും ശേഷം ഇസ്തിരിയിട്ട് തിരിച്ചുനല്‍കുകയും ചെയ്യണം. ഏപ്രിലിലാണ് പീഡനശ്രമത്തിനു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്രാമത്തിലെ എല്ലാ സ്ത്രീകളും കോടതി വിധിയില്‍ വളരെ സന്തുഷ്ടരാണെന്ന് ഗ്രാമ കൗണ്‍സില്‍ തലവന്‍ നസീമ ഖാട്ടൂന്‍ എഎഫ്പിയോട് പ്രതികരിച്ചു.

'ഇത് ചരിത്രപരമായ തീരുമാനമാണ്. സ്ത്രീകളോടുള്ള ബഹുമാനം വര്‍ധിക്കാന്‍ ഇത് കാരണമാകും. ആത്മാഭിമാനം കാത്തുസൂക്ഷിക്കാന്‍ ഇത് സഹായിക്കും. ഗ്രാമത്തിലെ ഒരാള്‍ പ്രതി കൃത്യമായി കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കും,' നസീമ പറഞ്ഞു. സമൂഹത്തിനു കൃത്യമായ സന്ദേശം നല്‍കുന്ന തീരുമാനമാണ് ഇതെന്ന് ഗ്രാമത്തിലെ മറ്റൊരു സ്ത്രീ പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :