100 വര്‍ഷം കൊണ്ട് ഒരു ലക്ഷം കടുവകള്‍ 3000 ആയി ചുരുങ്ങി

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 29 ജൂലൈ 2015 (13:44 IST)

കഴിഞ്ഞ നൂറു വര്‍ഷം കൊണ്ട് ലോകത്തെ ആകെ കടുവകളുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. ഒരുലക്ഷത്തോളം കടുവകള്‍ ഉണ്ടായിരുന്നത് 97 ശതമാനം
കുറഞ്ഞ്; നിലവില്‍ മൂവായിരത്തോളം കടുവകള്‍ ആണ് ലോകത്തുള്ളത്. ലോകത്തെ ആരാധ്യമായ മൃഗങ്ങളില്‍ പ്രധാനിയായ വംശനാശത്തിന്റെ ഭീഷണിയിലാണെന്ന് വ്യക്തം.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ 40,000ത്തോളം കടുവകള്‍ ഉണ്ടായിരുന്നതായാണ് കണക്ക്. എന്നാല്‍, 2006 ലെ കണക്കെടുപ്പില്‍ അത് 1411 എന്ന നിലയിലേക്ക് ഗുരുതരമായി ചുരുങ്ങി. കടുവയ്ക്കായുള്ള വേട്ടയാടലും അന്താരാഷ്‌ട്ര വിപണിയില്‍ കടുവത്തോല്‍ ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങളുടെ വ്യാപാരം വര്‍ദ്ധിച്ചതുമാണ് കടുവകള്‍ക്ക് ഭീഷണിയായത്.

ഇന്ത്യയില്‍ 1970കളിലാണ് കടുവ സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ദേശീയമൃഗമായ കടുവയെ സംരക്ഷിക്കാന്‍ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നത്. 2014 ല്‍ നടത്തിയ കണക്കെടുപ്പില്‍ ഇന്ത്യയില്‍ 2226 കടുവകള്‍ ഉള്ളതായി കണക്കാക്കുന്നു.

ഇന്ത്യയെ കൂടാതെ, ബംഗ്ലാദേശ്, ഭൂട്ടാന്‍, കംബോഡിയ, ചൈന, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, നേപ്പള്‍, മ്യാന്‍മര്‍
, റഷ്യ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലാണ് കടുവകള്‍ ഉള്ളത്. ഓരോ രാജ്യത്തും അവശേഷിക്കുന്ന കടുവകളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ആണ് ഏറ്റവും കൂടുതല്‍ കടുവകള്‍ ഉള്ളത്.

ജൂലൈ 29 അന്തര്‍ദ്ദേശീയ കടുവ ദിനമാണ്. എണ്ണം വളരെ കുറഞ്ഞു പോകുന്ന കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഒന്നുകൂടി ഓര്‍മ്മപ്പെടുത്താനും അവയെ സംരക്ഷിക്കാനുമുള്ള നടപടികള്‍ക്ക് കൂടുതല്‍ ബലം നല്കാനും 2010 മുതലാണ് അന്തര്‍ദ്ദേശീയ കടുവദിനം ആചരിച്ചു വരുന്നത്.

2010ലെ സെന്റ് പീറ്റേഴ്സ്ബര്‍ഗ് ടൈഗര്‍ സമ്മിറ്റിലാണ് എല്ലാവര്‍ഷവും ജൂലൈ 29 അന്തര്‍ദ്ദേശീയ കടുവദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ഭൂമിയില്‍ നഗരവല്‍കരണം വര്‍ദ്ധിച്ചതും മനുഷ്യന്‍ ജീവിക്കുന്നതിനായി കൂടുതല്‍ പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ ആരംഭിച്ചതും കടുവകളുടെ വംശനാശത്തിനുള്ള ഒരു കാരണമായി.

കടുവകളെ സംബന്ധിച്ചിടത്തോളം പ്രായപൂര്‍ത്തിയായ ഏകദേശം 20 - 25 പെണ്‍ കടുവകളുളള ഒരു കൂട്ടമാണ് വംശത്തെ നിലനിര്‍ത്താന്‍ പോന്ന ഗണം. എന്നാല്‍, ഇത്രയും കടുവകളെ നിലനിര്‍ത്തുന്നതിന് ഏകദേശം 800 മുതല്‍ 1000 ചതുരശ്ര കി മീ വിസ്തൃതിയുളള വനപ്രദേശങ്ങള്‍ ആവശ്യമാണ്. അതും, മനുഷ്യന്റെ ഇടപെടലുകള്‍ ഇല്ലാത്ത വനപ്രദേശങ്ങള്‍. വനം കൈയേറിയുള്ള മനുഷ്യന്റെ ഇടപെടലുകള്‍ തുടരുന്നിടത്തോളം കാലം കടുവകളുടെ വംശത്തിനുള്ള ഭീഷണിയും തുടര്‍ന്നു കൊണ്ടേയിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :