ന്യൂഡൽഹി|
VISHNU N L|
Last Modified ശനി, 17 ഒക്‌ടോബര്‍ 2015 (14:16 IST)
ഇന്ത്യയില്‍ മതേതരർ എന്നവകാശപ്പെടുന്നവരിൽ ഭൂരിഭാഗവും ഹിന്ദു വിരുദ്ധരും മുസ്ലിം പ്രീണനം നടത്തുന്നവരണെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമാ നസ്രീന്‍. ഹിന്ദുക്കളുടെ നടപടികൾക്കെതിരെ പ്രതിഷേധിക്കുന്ന ഇവർ മുസ്ലിം മതമൗലിക വാദികളുടെ ക്രൂരതകൾക്കെതിരെ പ്രതിഷേധിക്കാറില്ല.
ഇത് ഹിന്ദുക്കളെ അസ്വസ്ഥരാക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സാഹിത്യകാരന്മാര്‍ പുരസ്കാരങ്ങള്‍ തിരികെ കൊടുക്കുന്ന വിഷയത്തോട് പ്രതികരിക്കുകയായിരുന്നു തസ്ലിമ.
ബംഗാളിൽ ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള സിപിഎം സർക്കാരിന്റെ കാലത്ത് തന്റെ പുസ്തകം നിരോധിച്ച സമയത്ത് ഇപ്പോൾ പ്രതിഷേധിക്കുന്ന എഴുത്തുകാർ എവിടെയായിരുന്നെന്ന് തസ്ലീമ നസ്രീൻ ചോദിച്ചു. തന്നെ പിന്തുണച്ചില്ല എന്ന് മാത്രമല്ല സുനിൽ ഗാംഗൂലിയെപ്പോലുള്ള എഴുത്തുകാർ പുസ്തകം നിരോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തെന്നും തസ്ലീമ നസ്രീൻ ചൂണ്ടിക്കാട്ടി.
തനിക്കെതിരെ അഞ്ച് ഫത്വകൾ പ്രഖ്യാപിക്കപ്പെട്ടപ്പോഴും തന്നെ പശ്ചിമ ബംഗാളിൽ നിന്ന് പുറത്താക്കിയപ്പോഴും ഒരാളും പ്രതികരിക്കാനുണ്ടായിരുന്നില്ലെന്ന് തസ്ലീമ പറഞ്ഞു.
ഇന്ത്യയിൽ മുസ്ലിങ്ങൾക്കെതിരെ ക്രൂരമായ ആക്രമണങ്ങൾ നടക്കുന്നില്ല എന്നത് വസ്തുതയാണ്. അങ്ങനെ നടന്നിരുന്നെങ്കിൽ വിഭജനത്തിനു ശേഷം പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഹിന്ദുക്കൾ ഇന്ത്യയിലേക്ക് അഭയാർത്ഥികളായി എത്തിയത് പോലെ ഇവിടെ നിന്ന് മുസ്ലിങ്ങൾ പലായനം ചെയ്തേനെയെന്ന് തസ്ലീമ അഭിപ്രായപ്പെട്ടു.