മുംബൈ|
jibin|
Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2015 (15:12 IST)
ഇന്‍ഡോര്‍ ഏകദിനത്തിലെ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി വീണ്ടും ഹീറോ പരിവേഷത്തിലേക്ക് തിരിച്ചെത്തി. ഇളക്കം തട്ടിയിരുന്ന നായകസ്ഥാനം ഒന്നും കൂടി ഉറപ്പിക്കുന്നതായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ധോണി പുറത്തെടുത്ത പ്രകടനം.
ട്വിന്റി-20 കൈവിട്ടതിന് പിന്നാലെ ജയിക്കാമായിരുന്ന ആദ്യ ഏകദിനത്തില്‍ തോല്‍വിയറിഞ്ഞതില്‍ മുഴുവന്‍ പഴിയും ഒറ്റയ്‌ക്ക് കേള്‍ക്കേണ്ടി വന്ന ധോണിക്ക് തുടര്‍ന്നുള്ള ഏകദിനങ്ങളും ടെസ്‌റ്റും നിര്‍ണ്ണായകമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഇവയില്‍ ഏതെങ്കിലും ഒന്നില്‍ പരാജയപ്പെട്ടാല്‍ വൈസ് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ഇന്ത്യന്‍ നായകനായി തീരാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. ധോണിയെ തഴഞ്ഞ കോഹ്‌ലിയെ നായകനാക്കിയാല്‍ ഉണ്ടാകാന്‍ പോകുന്ന തിരിച്ചടികള്‍ അഭിമുഖീകരിക്കാന്‍ ബിസിസിഐയും കരുതിയിരിക്കേണ്ടി വരും.
ചൂടന്‍ സ്വഭാവം:-
ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞതാണ്. പഴികളും എതിര്‍പ്പുകളും നാലു കോണുകളില്‍ നിന്നും ധാരാളമായി എത്തും. ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകനായ സൌരവ് ഗാംഗുലിക്ക് പോലും സമ്മര്‍ദ്ദം താങ്ങാന്‍ പലപ്പോഴും പറ്റിയില്ല. എന്നാല്‍, കോഹ്‌ലിയുടെ കാര്യം നേരെ മറിച്ചാണ്. മറ്റ് താരങ്ങളെ പ്രകോപിപ്പിക്കാനും അതുവഴി വാക്കേറ്റം ഉണ്ടാകുന്നതിനും കാരണമാകും.
സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കുന്നതിലെ പരാജയം:-
സമ്മര്‍ദ്ദങ്ങളെ മനോഹരമായി നേരിട്ട് വിജയങ്ങള്‍ സ്വന്തം വഴിക്ക് എത്തിക്കുന്നതില്‍ അപാരമായ കഴിവുള്ള താരമാണ് ധോണി, എന്നാല്‍ കോഹ്‌ലിക്ക് ആ കഴിവ് ഇല്ല. സമ്മര്‍ദ്ദങ്ങളില്‍ എതിര്‍ താരങ്ങളുമായി വാഗ്വാദം നടത്തി മത്സരം കൈവിട്ട് പോകാനുള്ള സാധ്യത കൂടുതലാണ്.
ആവശ്യ സമയത്ത് ബുദ്ധിയും തന്ത്രവും:-
കളി കൈവിട്ട് പോകാതിരിക്കാന്‍ ഫീല്‍ഡില്‍ അതിവേഗം മാറ്റം വരുത്താനും ബോളര്‍മാരെ സമര്‍ദ്ദമായി ഉപയോഗിക്കാനുമുള്ള ധോണിയുടെ കഴിവ് കോഹ്‌ലിക്ക് ഇല്ല. സമ്മര്‍ദ്ദങ്ങളില്‍ തന്ത്രങ്ങള്‍ പാളി പോയാല്‍ കാര്യങ്ങള്‍ അനുകൂലമാക്കാനുള്ള തന്ത്രം ധോണിയോളം കോഹ്‌ലിയില്‍ ഇല്ല.
ധോണിയുടെ ഇഷ്‌ട താരങ്ങള്‍ പുറത്താകും:-
ധോണിയുടെ ഇഷ്‌ടതാരങ്ങളായ രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന, സ്‌റ്റുവര്‍ട്ട് ബിന്നി, ആര്‍ അശ്വിന്‍, മോഹിത് ശര്‍മ്മ എന്നിവരുടെ ടീമിലെ നിലനില്‍പ്പു തന്നെ കഷ്‌ടത്തിലാകും. ഇതോടെ മധ്യനിര അടക്കമുള്ള നമ്പരുകളില്‍ ഇളക്കി പ്രതിഷ്‌ഠ ഉണ്ടാകുകയും ബാറ്റിംഗ് ലൈനപ്പ് പാളുകയും ചെയ്യാന്‍ സാധ്യത കൂടുതലാണ്.
ടെസ്‌റ്റ് ക്രിക്കറ്റിനോടുള്ള സമീപനം:-
ടെസ്‌റ്റില്‍ ആക്രമിച്ച് കളിക്കുന്നതാണ് കോഹ്‌ലിയുടെ രീതി. ഇതു ചിലപ്പോള്‍ തിരിച്ചടിയായി തീര്‍ന്നേക്കാം.
ബാറ്റിംഗ് ക്രമത്തിലെ പരിഷ്‌കാരം:-
കോഹ്‌ലി നായകനായാല്‍ ടെസ്‌റ്റിലടക്കം ടീമില്‍ അഴിച്ചു പണി ഉണ്ടാകും. മൂന്നാം നമ്പറില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന അജിന്‍ക്യ രഹാനെയെ മധ്യനിരയിലേക്ക് മാറ്റി സ്ഥാപിക്കാന്‍ സാധ്യത കൂടുതലാണ്. നാലാമനായി ക്രീസിലെത്തുന്ന കോഹ്‌ലി പരാജയപ്പെടുന്ന സാഹചര്യത്തില്‍ കോഹ്‌ലി മൂന്നാം സ്ഥാനത്ത് തന്നെ ഇറങ്ങാനാണ് സാധ്യത.