തമിഴ് മത്സ്യത്തൊഴിലാളികള്‍ ലങ്കയിലേക്ക് ലഹരിമരുന്ന് കടത്തുന്നതായി കോസ്റ്റ് ഗാര്‍ഡ് റിപ്പോര്‍ട്ട്

ചെന്നൈ| VISHNU N L| Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (15:53 IST)
ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ സമുദ്രപരിധിയിൽ കള്ളക്കടത്ത്, ട്രോളിംഗ് തുടങ്ങിയ നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തുന്നതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിപ്പോര്‍ട്ട്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചില്‍ സമര്‍പ്പിച്ച് സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. നിരോധിച്ച മത്സ്യ ബന്ധന മാര്‍ഗങ്ങള്‍ അവലംബിച്ച് ശ്രീലങ്കയുടെ മത്സ്യസമ്പത്തിനെ നശിപ്പികുന്ന നീക്കമാണ് തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്ക അനാവശ്യമായി അക്രമം അഴിച്ച് വിടുകയാണെന്ന് കാട്ടി തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോസ്റ്റ്ഗാര്‍ഡ് നിലപാട് വ്യക്തമാക്കിയത്. തമിഴ് മത്സ്യത്തൊഴിലാളികളുടെ വർദ്ധിച്ചു വരുന്ന അറസ്റ്റ് സംബന്ധിച്ച് തമിഴ്നാട് സർക്കാർ ശ്രീലങ്കൻ സേനയ്ക്കെതിരെ നടത്തുന്ന ആരോപണത്തിനിടയിലാണ് പ്രസ്താവന നടന്നത്.
മത്സ്യത്തൊഴിലാളികളുടെ ഇത്തരം പ്രവർത്തനങ്ങൾ ശ്രീലങ്കൻ നാവികസേനയെ നടപടികളെടുക്കാൻ നിർബന്ധിതരാക്കുന്നതായും ആരോപിച്ച കോസ്റ്റ് ഗാർഡ് ലങ്കയുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചാലോ, ലങ്കന്‍ നാവികസേനയുമായി ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടാലൊ സംരക്ഷണം നല്‍കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നും കോടതിയെ അറിയിച്ചു.

ശ്രീലങ്കൻ സമുദ്രപരിധിയിൽ നിയമാധികാരമില്ലാത്തതിനാൽ ഇന്ത്യൻ പരിധി കടന്നതിനു ശേഷവും തൊഴിലാളികളെ സംരക്ഷിക്കാനാവില്ലെന്ന് മാരിടൈം നിയമ നിർവ്വഹണ ഏജൻസിയും വ്യക്തമാക്കി. ഇന്ത്യൻ സമുദ്രപരിധിയിൽ ശ്രീലങ്കൻ കപ്പലുകളെ കടക്കാൻ അനുവദിക്കാറില്ലെന്ന്‍ കോസ്റ്റ് ഗാര്‍ഡ് കോടതിയ്‌എ അറിയിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധം അവസാനിച്ചതിനു ശേഷം തമിഴ് മത്സ്യത്തൊഴിലാളികള്‍ ആ രാജ്യത്തേക്ക് ലഹരിമരുന്നുകള്‍ കടത്തുന്നുണ്ട്. വന്‍ പ്രതിഫലമാണ് ഇതിന് അവര്‍ക്ക് ലഭിക്കുന്നതെന്നും കോസ്റ്റ് ഗാര്‍ഡ് ചൂണ്ടിക്കാണിക്കുന്നു. ഇത്തരം നടപടികള്‍ മൂലമാണ് ശ്രീലങ്കന്‍ നാവികസേന കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്.

പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായം ലഭിക്കുന്നതിനുവേണ്ടി അലര്‍ട്ട് ട്രാന്‍സ്മിറ്ററുകളും അടിയന്തര സാഹചര്യങ്ങളില്‍ വിളിക്കേണ്ട നമ്പരുകളും മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ തീരസംരക്ഷണ സേനയേയോ, നാവികസേനയേയോ വിളിക്കാറില്ലെന്നും കോസ്റ്റ്ഗാര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :