Rijisha M.|
Last Modified ചൊവ്വ, 8 മെയ് 2018 (16:08 IST)
ന്യൂഡൽഹി: തന്റെ താൽപ്പര്യ പ്രകാരം മകളെ വിവാഹം കഴിപ്പിക്കാനുള്ള കർണാടകാ മന്ത്രിയുടെ നീക്കം സുപ്രീംകോടതി തടഞ്ഞു. മാതാപിക്കാക്കൾ തീരുമാനിച്ച വിവാഹം കോടതി തടയുകയും മകളെ അവരുടെ ബന്ധനത്തിൽ നിന്ന് മോചിപ്പിച്ച് ഇഷ്‌ടമുള്ള പാത തിരഞ്ഞെടുക്കാൻ അനുവദിക്കുകയും ചെയ്‌തു.
സുപ്രീംകോടതി രേഖകളിൽ 'എക്‌സ്' എന്ന മാത്രം രേഖപ്പെടുത്തിയിട്ടുള്ള കര്‍ണാടക രാഷ്‌ട്രീയ നേതാവിന്റെ മകൾ വീട്ടുതടങ്കലിൽ 20 ദിവസത്തോളം മാനസിക-ശാരീരിക പീഡനങ്ങൾ അനുഭവിച്ചതിന് ശേഷമാണ് ഡൽഹിയിലേക്ക് മടങ്ങിയത്.
പ്രണയിക്കുന്ന യുവാവിനെ വിവാഹം കഴിക്കാൻ സമ്മതിക്കാതെയാണ് മന്ത്രിയും വീട്ടുകാരും ചേർന്ന് പെൺകുട്ടിയെ വീട്ടുതടങ്കലിലാക്കിയത്. കോടതി വിധി വന്നതിന് ശേഷം പെൺകുട്ടി വനിതാ കമ്മീഷന്റേയും ഡൽഹി പൊലീസിന്റെയും സംരക്ഷണത്തിലാണ്.
പെൺകുട്ടിക്ക് ബംഗലൂരുവിലേക്ക് മടങ്ങി പഠനം പൂർത്തിയാക്കാൻ താൽപ്പര്യമുണ്ടെന്ന് ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയും ജസ്റ്റീസുമാരായ എ എം ഖാന്‍വില്‍ക്കറും ഡി വൈ ചന്ദ്രചൂഡും ഉള്‍പ്പെട്ട ബഞ്ചിന് മുമ്പാകെ അഭിഭാഷക വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടിയ്‌ക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ ചെയ്യാനും താൽപ്പര്യമുള്ള സ്ഥലങ്ങളിൽ പോകാനും വരാനുമുള്ള അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മാതാപിതാക്കളിൽ നിന്നോ ഭർത്താവിൽ നിന്നോ പ്രതികാര നടപടി ഉണ്ടായേക്കാമെന്നും, തന്റെ സഹോദരൻ മാതാവിന്റെ സഹായത്തോടുകൂടി തന്നെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു. തുടർന്ന് മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പെൺക്കുട്ടിക്ക് സംരക്ഷണം നൽകാനും പെൺകുട്ടിയുടെ വഴിയിൽ ഇവർ തടസ്സമാകാൻ പാടില്ലെന്നും അറിയിച്ചു.
അതേസമയം മാതാപിതാക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ പെൺകുട്ടിയ്‌ക്ക് യാതൊരുവിധ ഉപദ്രവവും ഇല്ലെന്നും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും പെൺകുട്ടിയുമായി ബന്ധപ്പെട്ട മറ്റ് എല്ലാ കാര്യങ്ങളും അവളുടെ കൈയ്യിൽ തന്നെ നൽകിയിട്ടുണ്ടെന്ന് മാതാപിതാക്കള്‍ക്കായി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ ജീവിതത്തിൽ ഒരു തരത്തിലുള്ള ഇടപെടലുകൾ നടത്തില്ല. അവൾ ആവശ്യപ്പെടുന്നതെല്ലാം തിരിച്ച് കൊടുക്കാമെന്നും അവര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ വസ്തുവകകള്‍ അഭിഭാഷകന്‍ മുഖേനെ നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
പെൺകുട്ടിയുടെ സമ്മതമില്ലാതെ നടത്തിയ വിവാഹം കോടതി റദ്ദാക്കുകയും, അത് സാധുവാകണമെങ്കിൽ കുടുംബ കോടതിയെ സമീപിക്കണമെന്നും കോടതി പറഞ്ഞു. പിതാവിന് സ്വാധീനമുള്ളതിനാൽ ബംഗളൂരുവിലെ തന്റെ ജീവിതം സുരക്ഷിതമായിരിക്കില്ലെന്ന പെൺകുട്ടിയുടെ വാദത്തെത്തുടർന്ന് മതിയായ സുരക്ഷ നൽകാൻ പൊലീസ് കമ്മീഷണറെ ചുമതലപ്പെടുത്തി. തനിക്കൊരു പ്രണയമുണ്ടെന്നും വിവാഹം നിര്‍ബ്ബന്ധിച്ചാണ് നടത്തുന്നതെന്നും പൊലീസില്‍ പരാതി നല്‍കിയിരുന്നു, അവര്‍ അത് ഗൗരവമായി എടുത്തില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.