സ്യൂട്ട്‌കേസ് വീര്‍ത്തിരിക്കുന്നു; സംശയം തോന്നിയ ഹോസ്റ്റല്‍ വാര്‍ഡന്‍ ബാഗ് തുറക്കാന്‍ പറഞ്ഞു, കണ്ടത് പെണ്‍കുട്ടിയെ ! കാമുകിയെ ഹോസ്റ്റലില്‍ കയറ്റാനുള്ള ശ്രമം പാളി

രേണുക വേണു| Last Modified ശനി, 5 ഫെബ്രുവരി 2022 (10:53 IST)

കാമുകിയെ ഹോസ്റ്റല്‍ മുറിയില്‍ കയറ്റാന്‍ ശ്രമിച്ച യുവാവിനെ കയ്യോടെ പിടികൂടി. കാമുകിയെ ട്രോളി ബാഗില്‍ കയറ്റിയാണ് ഹോസ്റ്റലില്‍ എത്തിക്കാന്‍ ശ്രമം നടന്നത്. കര്‍ണാടകയിലെ മണിപ്പാലിലെ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലാണ് സംഭവം നടന്നത്.

ചൊവ്വാഴ്ച രാത്രിയാണ് കാമുകിയെ ട്രോളി ബാഗില്‍ കയറ്റി യുവാവ് ഹോസ്റ്റലിലേക്ക് എത്തിയത്. ബാഗ് വീര്‍ത്തിരിക്കുന്നത് കണ്ട ഹോസ്റ്റല്‍ വാര്‍ഡന് സംശയം തോന്നി. ബാഗ് പരിശോധിക്കണമെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇത്ര വലിയ ബാഗില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ താന്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങളാണെന്നാണ് യുവാവ് മറുപടി നല്‍കിയത്. ചോദ്യങ്ങള്‍ക്ക് വളരെ ചെറിയ ശബ്ദത്തില്‍ മറുപടി നല്‍കിയതും വാര്‍ഡനില്‍ സംശയം ഉണ്ടാക്കി. ഇതിനെ തുടര്‍ന്ന് വാര്‍ഡന്‍ ബാഗ് പരിശോധിക്കുകയായിരുന്നു. എന്നാല്‍ പരിശോധിക്കാന്‍ അനുവദിക്കാതെ നിരവധി തവണ വിദ്യാര്‍ഥി വാര്‍ഡനെ തടയാന്‍ ശ്രമിച്ചു. പെട്ടന്ന് പൊട്ടുന്നതാണെന്ന് പറഞ്ഞാണ് വിദ്യാര്‍ഥി വാര്‍ഡനെ തടഞ്ഞത്.

ട്രോളി ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ ബാഗിനുള്ളില്‍ ചുരുണ്ടുകൂടി കിടക്കുന്ന പെണ്‍കുട്ടിയെയാണ് കണ്ടെത്തിയത്. ഇരുവരേയും കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :