ദക്ഷിണേഷ്യയില്‍ ദുരന്തമുണ്ടായാല്‍ ഇനി ഇന്ത്യ ഓടിയെത്തും , ഏലാവര്‍ക്കും മുമ്പേ...

ന്യൂഡല്‍ഹി| VISHNU N L| Last Updated: തിങ്കള്‍, 27 ഏപ്രില്‍ 2015 (15:49 IST)
പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാര്‍ക്ക് രാജ്യങ്ങള്‍ക്ക് ഇനി ഇന്ത്യയുടെ സഹകരണം എപ്പോളുമുണ്ടാകും. മറ്റാരെക്കാളും മുമ്പേ ദക്ഷിണേഷ്യയില്‍ സഹായം എത്തിക്കാന്‍ മുന്നില്‍ തന്നെ നിലയുറപ്പിക്കാനുള്ള കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കിത്തുടങ്ങി. ഇതിന്റെ ആദ്യപടിയായി പ്രകൃതി ദുരന്തങ്ങളില്‍ സാര്‍ക്ക് രാജ്യങ്ങളുടെ പരസ്പര സഹകരണം ഉറപ്പാക്കാനുള്ള കൂട്ടായ്മയ്ക്ക് ഇന്ത്യ തുടക്കമിടും. ഐക്യരാഷ്ട്ര സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഇന്ത്യ സാര്‍ക്ക് രാജ്യങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ഒരുങ്ങുന്നത്. ഇതിനായി സാര്‍ക്ക് രാജ്യങ്ങളായ ഇന്ത്യ, അഫ്ഗാനിസ്താന്‍, ബംഗ്ളാദേശ്, പാകിസ്താന്‍, ശ്രീലങ്ക, മാലി ദ്വീപ്, നേപ്പാള്‍, ഭൂട്ടാന്‍ പരസ്പര ധാരണാപത്രത്തില്‍ ഒപ്പുവെക്കും.

മനുഷ്യശക്തിക്കും സാമ്പത്തിക സഹായത്തിനും പുറമേ ദുരന്തത്തെ കുറിച്ചുള്ള മുന്‍കരുതല്‍, അപകടത്തിന്റെ കാഠിന്യം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യ മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തും. കൂടാതെ ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് വിവരങ്ങള്‍ അംഗ രാജ്യങ്ങള്‍ പരസ്പരം കൈമാറും. ഇതിനുള്ള സാങ്കേതികവിദ്യ ഇന്ത്യ മറ്റ് അംഗ രാജ്യങ്ങള്‍ക്ക് നല്‍കും.

പ്രകൃതി ദുരന്തങ്ങളില്‍ ഏഷ്യന്‍ മേഖലയിലെ വലിയ രാജ്യങ്ങള്‍ ചെറിയ രാജ്യങ്ങളെ സഹായിക്കണമെന്ന് നേരത്തെ യു.എന്‍ പ്രഖ്യാപനം നടത്തിയിരുന്നു. ജപ്പാനിലെ സെന്തായില്‍ ചേര്‍ന്ന ഉച്ചകോടിയിലാണ് ഈ പ്രഖ്യാപനം നടന്നത്. നേപ്പാള്‍ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തികമായും സാങ്കേതികമായുമായ സഹായത്തിന് വലിയ രാജ്യമായ ഇന്ത്യ ബാധ്യസ്തമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :