ന്യുഡല്‍ഹി|
VISHNU N L|
Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (13:16 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തുടര്‍ച്ചയായി അഭിപ്രായം മാറുന്ന മോഡിക്ക് തന്റെ നിലപാട് പോലും വ്യക്തമാക്കാന്‍ കഴിയുന്നില്ല. മോഡിയുടെ നിലപാടുകള്‍ യഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണെന്നും സോണിയ വിമര്‍ശിച്ചു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മാധ്യമങ്ങളിലൂടെയുള്ള വെറും വാഗ്ദാനങ്ങള്‍ മാത്രമാണ് നടക്കുന്നത്. യാതൊരു വികസനവും നടക്കുന്നില്ല. നയങ്ങളേ ഇല്ല. തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞില്ല. മേക്ക് ഇന്‍ ഇന്ത്യ പാഴ്‌വാക്കായി. മോഡി പറഞ്ഞു നടന്നാല്‍ മാത്രം പോരാ പ്രവര്‍ത്തിക്കണം- സോണിയ കൂട്ടിച്ചേര്‍ത്തു. ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി നിയമത്തില്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. അതിന് തുടക്കം കുറിച്ചുകൊണ്ട് സപ്തംബര്‍ 20 ന് ഡല്‍ഹിയില്‍ കര്‍ഷക റാലി സംഘടിപ്പിക്കും.
ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിലെ നിലപാട് മാറ്റം മോഡി സര്‍ക്കാരിന് യഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ലെന്നതിന്റെ തെളിവാണ്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയാണ് മോഡി ഉന്നം വച്ചിരിക്കുന്നത്. ഇതുവഴി ചരിത്രം തിരുത്തിയെഴൂതാമെന്നാണ് മോഡി കരുതുന്നതെന്നും സോണിയ പറഞ്ഞു. മാധ്യമങ്ങളെയും ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനാണ് മോഡിയുടെ ശ്രമം. രാജ്യത്തിന്റെ നന്മയ്ക്കായി നിലകൊണ്ട ഇത്തരം സുപ്രധാന സ്ഥാപനങ്ങളുടെ പരമാധികാരവും ധാര്‍മ്മികതയും ഇല്ലാതായി കൊണ്ടിരിക്കുകയാണ്.
പാകിസ്താനുമായി ഉടലെടുത്ത പുതിയ പ്രശ്‌നങ്ങളിലും മോഡി സര്‍ക്കാരിനെ സോണിയ വിമര്‍ശിച്ചു. അയല്‍രാജ്യവുമായി സര്‍ക്കാരിന് യുക്തിസഹമായ നയമില്ല. എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് നിശ്ചയമില്ല. ഇതുമുലം നമ്മുടെ ജവാന്മാരെയും നാട്ടുകാരെയും അവര്‍ ലക്ഷ്യമിടുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.
സംഘടനാ പ്രശ്‌നങ്ങളും ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പും ചര്‍ച്ച ചെയ്യുന്നതിനാണ് വര്‍ക്കിംഗ് കമ്മിറ്റി ചേരുന്നത്. പാര്‍ട്ടിയില്‍ രണ്ടു രീതിയിലുള്ള അംഗത്വസമ്പ്രദായം പുനഃസ്ഥാപിക്കാന്‍ പ്രവര്‍ത്തകസമിതി ശുപാര്‍ശചെയ്യും. പ്രാഥമിക അംഗത്വം, സജീവഅംഗത്വം എന്ന സമ്പ്രദായമായിരിക്കും പുനഃസ്ഥാപിക്കുക. അതേസമയം പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കുന്നത് സംബന്ധിച്ച തീരുമാനം യോഗത്തില്‍ ഉണ്ടാവില്ല. പാര്‍ട്ടിഭരണഘടനയില്‍ വരുത്തേണ്ട മാറ്റങ്ങള്‍, അംഗത്വവിതരണം, ബിഹാര്‍ തിരഞ്ഞെടുപ്പ്, പൊതു രാഷ്ട്രീയസ്ഥിതി, കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ സ്വീകരിക്കേണ്ട പ്രക്ഷോഭപരിപാടികള്‍ എന്നിവയും യോഗം ചര്‍ച്ചചെയ്യുകയാണ്. അംഗത്വം സംബന്ധിച്ച ഭേദഗതിക്ക് പ്രവര്‍ത്തക സമിതി ശുപാര്‍ശചെയ്യും.
കോണ്‍ഗ്രസില്‍ സമ്പൂര്‍ണ സംഘടനാ തിരഞ്ഞെടുപ്പ് എ.ഐ.സി.സി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് അനിശ്ചിതമായി നീളുകയാണ്. സംഘടനാ തിരഞ്ഞെടുപ്പിനുമുമ്പ് പാര്‍ട്ടിഭരണഘടനയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. പ്രവര്‍ത്തകസമിതി ശുപാര്‍ശ ചെയ്താലും ഇത് എ.ഐ.സി.സി. സമ്മേളനം അംഗീകരിക്കണം. ഇതിനായി പ്രത്യേക എ.ഐ.സി.സി. സമ്മേളനം വിളിക്കാനും സമ്മേളനത്തില്‍ രാഹുല്‍ അധ്യക്ഷപദവി ഏറ്റെടുക്കുന്നതിനും ആലോചനയുണ്ടായിരുന്നു. എന്നാല്‍, രാഹുല്‍ മനസ്സുതുറക്കാത്ത സാഹചര്യത്തില്‍ ബംഗളൂരുവില്‍ ചേരാനിരുന്ന സമ്മേളനത്തെക്കുറിച്ച് തീരുമാനം നീളുകയാണ്.