ന്യൂഡല്‍ഹി|
JOYS JOY|
Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (14:33 IST)
സൌന്ദര്യത്തിന്റെ കാര്യത്തില്‍ താന്‍ ഒരു ശരാശരിക്കാരിയായ സ്ത്രീ ആയത് കൊണ്ടായിരിക്കും തന്നോട് ഭര്‍ത്താവ് മോശമായി പെരുമാറിയതെന്ന് സോംനാഥ് ഭാരതിയുടെ ഭാര്യ ലിപിക മിത്ര. പൊലീസിനു മേല്‍ ഡല്‍ഹി സര്‍ക്കാരിന് നിയന്ത്രണം നല്‍കിയാല്‍ സുന്ദരികളായ സ്‌ത്രീകള്‍ക്ക് അര്‍ധരാത്രിയിലും നിര്‍ഭയം സഞ്ചരിക്കാനുളള സാഹചര്യമുണ്ടാവുമെന്ന് ആം ആദ്മി എംഎല്‍എ ആയ സോംനാഥ് ഭാരതി ഇന്ന് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിട്ടായിരുന്നു ഭാരതിയുടെ ഭാര്യയുടെ പ്രതികരണം.
തന്റെ സുരക്ഷയെക്കുറിച്ച് ബോധവാനല്ലെന്നും സുന്ദരികളായ സ്ത്രീകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് മാത്രമാണ് ബോധവാനെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുകയാണെന്നും ലിപിക പറഞ്ഞു. സോംനാഥിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധത്തിന്റെ വാളെടുത്തവര്‍ക്ക് പുതിയ ആയുധമാകും ലിപികയുടെ മറുപടി.
സുരക്ഷാ കാര്യങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയാല്‍ സുന്ദരികളായ സ്‌ത്രീകള്‍ക്ക് അര്‍ധരാത്രി കഴിഞ്ഞാലും നിര്‍ഭയം പുറത്തുപോകാന്‍ സാധിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നായിരുന്നു സോംനാഥ് ഭാരതി പറഞ്ഞത്. നിയമസഭയില്‍ ഒരു അന്വേണ കമ്മീഷന്റെ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയായിരുന്നു വിവാദ അഭിപ്രായപ്രകടനം.
അതേസമയം, തന്റെ പ്രസ്‌താവന വളച്ചൊടിച്ചതാണെന്ന നിലപാടുമായി സോംനാഥ് രംഗത്തുവന്നിട്ടുണ്ട്. 'നിറയെ ആഭരണമണിഞ്ഞ സുന്ദരികളായ സ്‌ത്രീകള്‍...' എന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ പറഞ്ഞു.