മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ബിജെപിയുടെ കുതിരക്കച്ചവടം, ശിവസേനയുടെ 3 മന്ത്രിമാരടക്കം 22 എംഎൽഎമാരെ ബന്ധപ്പെടാനാകുന്നില്ല

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 ജൂണ്‍ 2022 (14:43 IST)
മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സഖ്യത്തെ തുലാസിലാക്കി അധികാരം പിടിക്കാനുള്ള ബിജെപിയുടെ ഓപ്പറേഷൻ താമര. മൂന്ന് മന്ത്രിമാരെയടക്കം ശിവസേനയുടെ 22 എംഎൽഎമാരെ ബന്ധപ്പെടാനാകുന്നില്ലെന്നാണ് മഹാരാഷ്ട്രയിൽ നിന്നും വരുന്ന വാർത്ത. വിമത എം എൽ എമാർ സൂറത്തിലെ ലേ മെറിഡിയൻ ഹോട്ടലിലാണ് ഉള്ളത്. ഇവിടെ ഗുജറാത്ത് പോലീസ്
സുരക്ഷ ശക്തമാക്കി.

മഹാരാഷ്ട്രയിലെ ശിവസേനഭരണം അട്ടിമറിക്കാനാണ് ബിജെപി നീക്കം.ഗുജറാത്തിലെ ആഭ്യന്തരസഹമന്ത്രി ഹർഷ് സാംഗ്വി , ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീൽ എന്നിവർ എംഎൽഎമാർ താമസിക്കുന്ന ഗുജറാത്തിലെ ആഡംബര ഹോട്ടലിൽ ഉണ്ടെന്നാണ് വിവരം. അതേസമയം ഭരണം അട്ടിമറിക്കാനുള്ള പാഴ്ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി. മധ്യപ്രദേശോ, രാജസ്ഥാനോ അല്ല മഹാരാഷ്ടയെന്ന് ബി ജെ പി ഓർക്കണമെന്ന് ശിവ സേനാ നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു.

മാറിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് ഇന്ന് തങ്ങളുടെ എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. എൻസിപി അധ്യക്ഷൻ ശരദ് പവാർ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തും. അതേസമയം മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡേയുടെ വസതിയിൽ സുരക്ഷ ശക്തമാക്കി. വീടിന് നേരെ ആക്രമണമുണ്ടാകുമെന്ന രഹസ്യാന്വേഷണവിവരത്തെ തുടർന്നാണിത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :