സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്; ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹത്തിനു വിസമ്മതിക്കുന്നത് വഞ്ചനയല്ലെന്ന് ഹൈക്കോടതി

രേണുക വേണു| Last Modified വ്യാഴം, 23 ഡിസം‌ബര്‍ 2021 (15:32 IST)

പരസ്പര സമ്മതത്തോടെ ദീര്‍ഘകാലം ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹത്തിനു വിസമ്മതിക്കുന്നത് വഞ്ചനയല്ലെന്ന് ബോംബെ ഹൈക്കോടതി. കീഴ്‌ക്കോടതി വിധിക്കെതിരായ അപ്പീല്‍ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.

പെണ്‍കുട്ടിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹത്തിന് വിസമ്മതിച്ചെന്ന പരാതിയില്‍ പാല്‍ഘറിലെ കാശിനാഥ് ഗാരട്ട് എന്ന യുവാവ് കുറ്റക്കാരനാണെന്ന് കീഴ്‌ക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ബോംബെ ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. യുവാവിനെ കോടതി കുറ്റവിമുക്തനാക്കി.

ബലാത്സംഗം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു യുവാവിനെതിരെ കേസെടുത്തത്. എന്നാല്‍, അഡീഷണല്‍ സെഷന്‍സ് ജഡ്ജി വഞ്ചനാ കേസില്‍ ഇയാളെ ശിക്ഷിച്ചു. ബലാത്സംഗക്കേസില്‍ വെറുതെ വിടുകയും ചെയ്തു. ഇതിനെതിയോണ് കാശിനാഥ് ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

താന്‍ വഞ്ചിതയായെന്ന് തെളിയിക്കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞില്ലെന്നും ശാരീരികബന്ധം പരസ്പരസമ്മതത്തോടെയായിരുന്നെന്നും കോടതി നിരീക്ഷിച്ചു. വ്യാജ വിവരങ്ങള്‍ നല്‍കിയോ വഞ്ചനയിലൂടേയോ അല്ല പെണ്‍കുട്ടിയുമായി യുവാവ് ശാരീരികബന്ധത്തിലേര്‍പ്പെട്ടത്. ശേഷം വിവാഹം കഴിക്കാന്‍ വിസമ്മതിക്കുന്നത് വഞ്ചനയായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :