ന്യൂഡല്‍ഹി|
Last Modified ശനി, 15 നവംബര്‍ 2014 (16:07 IST)
ഇംഗ്ലീഷില്‍ ലൈംഗിക ബോധവത്കരണം നടത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം. ലൈംഗികാതിക്രമങ്ങളെക്കുറിച്ചും അതിനുള്ള ശിക്ഷകളെക്കുറിച്ചും സാധാരണക്കാരെ ബോധവല്‍ക്കരിക്കാന്‍ എന്തിനാണ് ഇംഗ്ലീഷ് ഭാഷ തെരഞ്ഞെടുക്കുന്നതെന്നു ചോദിച്ചു കൊണ്ടാണ് കോടതിയുടെ വിമര്‍ശനം.
ലൈംഗികാതിക്രമം നടത്തുന്നവരില്‍ ഏറെപ്പേരും വിദ്യാഭ്യാസം കുറഞ്ഞവരും നിരക്ഷരരും ആണെന്നിരിക്കെ ഇംഗീഷിലുള്ള ബോധവത്ക്കരണം കൊണ്ട് എന്തു നേടാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് കൈലാഷ് ഗംഭീര്‍, ജസ്റ്റിസ് സുനിത ഗുപ്ത എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് വിമര്‍ശനം ഉന്നയിച്ചത്.
ഇംഗ്ലീഷിലുള്ള ബോധവത്ക്കരണ പരിപാടികള്‍ ഉദ്ദേശിക്കുന്നവരില്‍ എത്തുന്നില്ല. പ്രചാരണ പരിപാടികള്‍ ബ്യൂറോക്രാറ്റുകള്‍ക്കു വേണ്ടിയല്ലെന്ന് ഓര്‍മിപ്പിച്ച കോടതി പ്രചാരണ മാധ്യമം സാധാരണക്കാര്‍ക്കു മനസിലാകുന്ന ഭാഷയെന്ന നിലയില്‍ ഹിന്ദിയാക്കാനും നിര്‍ദേശം നല്‍കി.