ന്യൂഡല്‍ഹി|
Last Modified ഞായര്‍, 4 ഡിസംബര്‍ 2016 (17:02 IST)
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്ത് 50, 000 ത്തോളം കല്യാണങ്ങള്‍ മുടങ്ങിയെന്ന വാര്‍ത്തകള്‍ വരുന്നതിനു തൊട്ടു പിന്നാലെയാണ് രണ്ട് ആഡംബര വിവാഹങ്ങള്‍ക്ക് രാജ്യം സാക്ഷിയായത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയുടെ മകളുടെ വിവാഹവും കേരളത്തിലെ മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹവും.
നാഗ്‌പുരില്‍ വെച്ചു നടന്ന വിവാഹച്ചടങ്ങില്‍ നിരവധി ഉയര്‍ന്ന രാഷ്‌ട്രീയനേതാക്കള്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ, ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത്, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവര്‍ നിധിന്‍ ഗഡ്‌കരിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഗഡ്‌കരിയുടെ ഇളയമകളായ കേത്‌കിയും യു എസില്‍ ഫേസ്‌ബുക്കില്‍ ജോലി ചെയ്യുന്ന ആദിത്യ കക്ഷേദികരും തമ്മിലുള്ള വിവാഹമായിരുന്നു ഇന്ന് നടന്നത്.
അതേസമയം, കേരളത്തില്‍ നടന്ന ആഡംബരവിവാഹം മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും വ്യവസായ പ്രമുഖന്‍ ബിജു രമേശിന്റെ മകളും തമ്മിലുള്ളത് ആയിരുന്നു. അക്ഷര്‍ധാം ക്ഷേത്രത്തിന്റെ മാതൃകയില്‍ ആയിരുന്നു വിവാഹവേദി പണികഴിപ്പിച്ചത്. മന്ത്രിമാരും വ്യവസായികളും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അടക്കം 20, 000 ത്തോളം പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.