സച്ചിന്റെ ഭാരതരത്ന തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

ന്യൂഡല്‍ഹി| VISHNU N L| Last Modified വെള്ളി, 19 ജൂണ്‍ 2015 (17:37 IST)
ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക്‌ ലഭിച്ച ഭാരത രത്ന തിരികെ എടുക്കണമെന്ന് ഹര്‍ജി. മധ്യപ്രദേശ്‌ ഹൈക്കോടതിയിലാണ് പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഭോപ്പാലില്‍നിന്നുള്ള വി.കെ നസ്വയാണ്‌ സച്ചിനെതിരെ കോടതിയെ സമിപിച്ചത്‌. രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്ന നേടിയ സച്ചിന്‍ ഈ ബഹുമതി വാണിജ്യ താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്നാണ്‌ ഹര്‍ജിക്കാരന്‍ ആരോപിച്ചിരിക്കുന്നത്.

പരമോന്നത ബഹുമതി ദുരുപയോഗം ചെയ്യുന്നതായും ബഹുമതിയുടെ പിന്‍ബലത്തില്‍ വാണിജ്യസംബന്ധമായ പരസ്യങ്ങളില്‍ അഭിനയിച്ച്‌ പണം സമ്പാദിക്കുന്നതായും പരാതിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സച്ചിനില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ ബഹുമതി തിരികെ വാങ്ങണമെന്നാണ്‌ പരാതിക്കാരന്‍ ആവശ്യം.

വ്യാഴാഴ്‌ചയാണ്‌ മധ്യപ്രദേശ്‌ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തത്‌. സച്ചിനെ വ്യാണിജ്യ ലക്ഷ്യങ്ങളോടെയുള്ള ചാനല്‍ പരിപാടികളില്‍നിന്നും തടയുന്നതിന്‌ സഹായകരമായ ഉത്തരവ്‌ മുമ്പ്‌ സുപ്രീം കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടോ എന്നത്‌ പരിശോധിക്കാന്‍ ഹൈക്കോടതി അധികൃതര്‍ക്ക്‌ നിര്‍ദേശം നല്‍കി. കായിക മേഖലയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം നവംബറിലാണ്‌ അദ്ദേഹത്തിന്‌ രാജ്യം പരമോന്നത ബഹുമതി നല്‍കി ആദരിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :