ന്യൂഡല്‍ഹി|
VISHNU N L|
Last Modified വ്യാഴം, 25 ജൂണ്‍ 2015 (13:23 IST)
ഭര്‍ത്താവില്‍ നിന്നുള്ള നിര്‍ബന്ധിത ലൈംഗികതയും പീഡനം തന്നെയെന്ന് കേന്ദ്രമന്ത്രി മനേകാ ഗാന്ധി. രാജ്യത്തിന്റെ സാമൂഹിക വ്യവസ്‌ഥയനുസരിച്ച് ഭാര്യയില്‍ ഭര്‍ത്താവ് നടത്തുന്ന ലൈംഗിക നടപടികളെ ചോദ്യംചെയ്യാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഭര്‍ത്താവില്‍നിന്നും ഭാര്യയ്‌ക്ക് എറ്റുവാങ്ങേണ്ടിവരുന്ന ലൈംഗിക പീഡനത്തെ അംഗീകരിക്കാന്‍ കഴിയില്ല. വിവാഹശേഷം സ്‌ത്രീ അനുഭവിക്കേണ്ടിവരുന്ന പീഡനമെന്നാല്‍ പുരുഷന്‍ അവന്റെ ശക്‌തി ഉപയോഗിച്ച് സ്‌ത്രീയെ കീഴടക്കുകതന്നെയാണ് ചെയ്യുന്നത്. സ്‌ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ ഒരിക്കലും അപരിചിതരില്‍നിന്നു മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. വിവാഹ ശേഷമുള്ള പീഡനമെന്നാല്‍ ഒരു പുരുഷന് ഭാര്യയില്‍നിന്നും ലൈംഗിക സുഖം നേടിയെടക്കുക എന്നത് മാത്രമല്ല. തന്റെ ശക്‌തി ഉപയോഗിച്ച് പുരുഷന്‍ ഭാര്യയെ കീഴടക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ വേണ്ട പരിഗണന ലഭിക്കാതെ പോകുകയാണെന്നും മന്ത്രി പറഞ്ഞു.
വിവാഹ ശേഷം ഭാര്യയെ ഭര്‍ത്താവ് ലൈംഗികമായി ഉപയോഗിക്കുന്നതിനെ ക്രിമിനല്‍ കുറ്റമായി കാണാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ലൈംഗിക വേഴ്‌ചയെ രാജ്യത്തിന്റെ സംസ്‌കാരമനുസരിച്ച് ദിവ്യകര്‍മമായട്ട് കരുതുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രം വിഷയത്തില്‍ വിശദീകരണം നല്‍കിയിരുന്നത്.