ന്യൂഡല്‍ഹി|
Sajith|
Last Modified വ്യാഴം, 11 ഫെബ്രുവരി 2016 (14:09 IST)
ലൈംഗികപീഡന ആരോപണത്തെ തുടര്‍ന്ന് ‘ദി എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (ടേറി)’ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തു നിന്ന് പുറത്തായ ആര്‍ കെ പച്ചൗരി മടങ്ങിയെത്തിയതിനു തൊട്ടു പിറകെ അദ്ദേഹത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. അദ്ദേഹത്തെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് ടേറിയിലെ ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ മാര്‍ച്ചില്‍ നടക്കുന്ന ബിരുദദാനച്ചടങ്ങില്‍ പച്ചൗരിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചു. ഇതിനിടെ, പച്ചൌരിക്കെതിരെ ആരോപണവുമായി സഹപ്രവര്‍ത്തകയായിരുന്ന യുവതിയും രംഗത്തെത്തി.
"ഞങ്ങളുടെ മനസ്സാക്ഷി വ്യക്തമാണ്. ടേറി രൂപീകരിച്ച ആഭ്യന്തര അന്വേഷണ സമിതി
നടത്തിയ അന്വേഷണത്തില്‍ പച്ചൗരി പദവി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു. പക്ഷേ രാഷ്ട്രീയപരമായും മാധ്യമങ്ങളിലും ഉള്ള സ്വാധീനം കോടതി നടപടികളെ സാവധാനത്തിലാക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. കൂടാതെ സാക്ഷികളെ ഭയപ്പെടുത്തി കൂറു മാറ്റിച്ചതും സഹപ്രവര്‍ത്തകരെയും മറ്റും വശീകരിച്ച് തനിക്കെതിരെ തന്റെ ജൂനിയറായ സഹപ്രവര്‍ത്തക ഉയര്‍ത്തിയ ലൈംഗീകാരോപണം പിന്‍വലിപ്പിക്കാനും അദ്ദേഹത്തിനു സാധിച്ചു" - ടേറി വൈസ് ചാന്‍സലര്‍ക്ക്
അയച്ച കത്തില്‍ വിദ്യാര്‍ഥികള്‍ പറയുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് തങ്ങള്‍ യാതൊരു കാരണവശാലും പച്ചൗരിയില്‍ നിന്നും ബിരുദം സ്വീകരിക്കില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഇതിനിടെ, 2003ല്‍ ടേറിയില്‍ ജോലി ചെയ്തിരുന്ന യുവതിയും ആരോപണവുമായി രംഗത്തെത്തി. അക്കാലയളവില്‍ പച്ചൗരി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് കാണിച്ച് യുവതി കത്ത്
പുറത്തു വിട്ടു. ‘പച്ചൗരി എന്നെ ലൈംഗികമായി ശല്യം ചെയ്തിരുന്നു. മറ്റുള്ള യുവതികളോടും അദ്ദേഹം മോശമായി പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും’ അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.