ന്യൂഡൽഹി|
VISHNU N L|
Last Modified വ്യാഴം, 23 ജൂലൈ 2015 (14:17 IST)
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ജനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തേ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചപ്പോഴാണ് രാഹുല്‍ മോഡിയെ ഇത്തരത്തില്‍ വിമര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിച്ചത്.
വ്യാപം കുംഭകോണത്തെപ്പറ്റിയും രാജസ്ഥാൻ മുഖ്യന്ത്രി വസുന്ധര രാജെയും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ഉൾപ്പെട്ട ലളിത് മോഡി വിവാദത്തെപ്പറ്റിയും മൗനം ദീക്ഷിക്കുന്ന മോഡി, 2014ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളെ ചതിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
''ഈ രാജ്യത്തെ ജനങ്ങൾ സുഷമാ സ്വരാജിനല്ല അവരുടെ വോട്ട് കൊടുത്തത്. പ്രധാനമന്ത്രി 'മോഡിയെ വിശ്വസിക്കാമെന്ന് കരുതിയാണ് അവർ വോട്ട് ചെയ്തത്. എന്നാൽ ഇപ്പോൾ അദ്ദേഹം എല്ലാ വിഷയങ്ങളിലും നിശബ്ദ്ധത പാലിക്കുകയാണ്. ജനങ്ങൾക്ക് അവർ ചതിക്കപ്പെട്ടു എന്ന് തോന്നുന്നു. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് ഇതു വരെ നാൽപ്പതിലധികം പേരാണ് മരണമടഞ്ഞത്. എന്നാൽ പ്രധാനമന്ത്രി ഇതേപ്പറ്റി ഒരു വാക്ക് ഉരിയാടിയിട്ടില്ല. അദ്ദേഹം തന്റെ നിശബ്ദ്ധത അവസാനിപ്പിക്കണം.'' എന്ന് രാഹുൽ പറഞ്ഞു.
ലളിത് മോഡിയെ സഹായിച്ച സുഷമാ സ്വരാജ് നടത്തിയത് ക്രിമിനൽ നടുപടിയാണെന്ന് രാഹുൽ പറഞ്ഞു. വിഷയത്തില്‍ സുഷമ സ്വരാജ് രാജിവെച്ച് മാറിനിന്നാല്‍ വിഷയത്തില്‍ പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി മൂന്നാം ദിവസവും പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റ് നടപടികള്‍ സ്തംഭിച്ച പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.